ചന്തക്കുന്ന്-പെരുമ്പിലാവ് റോഡ് ജങ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു
നിലമ്പൂര്‍: ചന്തക്കുന്ന്-പെരുമ്പിലാവ് റോഡ് ജങ്ഷനില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മഴ പെയ്തതോടെ ഇതുവഴി കാല്‍നട യാത്രപോലും പ്രയാസമേറിയതായി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓവുചാല്‍ നിറഞ്ഞ് റോഡിലേക്ക് ഒഴുകുകയാണ്. ജങ്ഷന് മുതല്‍ പൊരുമ്പിലാവ് റോഡിന്റെ 50 മീറ്റര്‍ ദൂരംവരെ വെള്ളക്കെട്ടാണ്.
ജൂണില്‍ ജല അതോറിറ്റിയുടെ വെള്ളപൈപ്പ് കൊണ്ടുപോകുന്നതിനായി ഒരു ഭാഗത്ത് ചാല് നിര്‍മ്മിച്ചിരുന്നു. പൈപ്പ് കുഴിയില്‍ വെച്ചശേഷം മണ്ണിട്ട് മൂടിയെങ്കിലും പൊളിച്ച റോഡ് പുനര്‍ നിര്‍മ്മിച്ചില്ല. ഇതോടെ മഴ പെയ്താല്‍ ചളിക്കളമാവുന്നത് പതിവായി. ഇന്നലെ മഴ പെയ്തതോടെ റോഡില്‍ മഴവെള്ളവും, മലിന ജലവും ചേര്‍ന്ന് വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ സമീപത്തെ കെട്ടിടങ്ങളിലേക്കും ഈ മലിന ജലം കയറുന്നുണ്ട്.
യാത്രകാരായ വിദ്യാര്‍ഥികളും, സ്ത്രീകളും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ മലിന ജലത്തില്‍ ചവിട്ടിയാണ് പോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലമാണ് വെള്ളക്കെട്ട് രൂപപ്പെടാനിടയായത്. മാനവേദന് ഹൈസ്കൂളിലേക്കുള്ള റോഡ് ജംഗഷനും ഇതുപേലെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡ്രൈനേജ് വൃത്തിയാക്കത്തതു മൂലം മഴയില്‍ ജ്യോതിപ്പടിയില്‍ സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ അഴുക്കുചാലിലെ മാലിന്യവും കുമിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുകയാണ്. ബാങ്കിലേക്ക് വരുന്നവര്‍ ഈ മാലിന്യം ചവിട്ടിയാണ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."