വാനോളം സ്വപ്‌നങ്ങളുമായി ഫര്‍ഹാന്‍
മലപ്പുറം: മാനസിക വൈകല്യമുള്ളവരുടെ ദേശീയ മീറ്റില്‍ 50 മീറ്റര്‍ ഒട്ടത്തില്‍ പങ്കെടുക്കാന്‍ മക്കരപ്പറമ്പ് സ്വദേശി ഷാദ് ഫര്‍ഹാനും. ഈ മാസം 21 മുതല്‍ 26 വരെ രാജസ്ഥാനിലെ ജയ്പൂരിലാണ് ദേശീയ മത്സരങ്ങള്‍. ഇവിടെ വിജയിച്ചാല്‍ 2019ല്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ ഫര്‍ഹാനു അവസരം ലഭിക്കും. കായിക മത്സരങ്ങളില്‍ മികവു കാണിക്കുന്ന ഷാദ് ഫര്‍ഹാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌പെഷല്‍ ഒളിംപിക്‌സ് മീറ്റില്‍ 50, 25 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ദേശീയ മീറ്റില്‍ വിജയിച്ച് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന നിറഞ്ഞ പ്രതീക്ഷയുണ്ട് ഫര്‍ഹാന്.
കോട്ടക്കലിലെ മനോവികാസ് സ്‌പെഷല്‍ സ്‌കൂളിലെ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥിയാണ് ഫര്‍ഹാന്‍. കായിക രംഗത്ത് പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച ഫര്‍ഹാനെ മാതാപിതാക്കള്‍ മനോവികാസില്‍ ചേര്‍ക്കുകയായിരുന്നു. സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനാണ് ഫര്‍ഹാന്റെ കഴിവ് തിരിച്ചറിഞ്ഞ് ട്രാക്കിലേക്കെത്തിച്ചത്. മികച്ച പരിശീലനം ലഭിച്ചാല്‍ ഫര്‍ഹാന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നാണ് പരിശീലകരുടെയെല്ലാം അഭിപ്രായം. പെരുമ്പള്ളി ഉസ്മാന്‍- ഫൗസിയ ദമ്പതികളുടെ മകനാണ്. ഡാനിഷ് ഫര്‍ഹാന്‍ സഹോദരനാണ്. ദേശീയ മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന ഷാദ് ഫര്‍ഹാന് ഇന്നലെ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ വിജയാശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."