സംസ്‌കൃത സര്‍വകലാശാല: ചട്ടവിരുദ്ധമായി എസ്.എഫ്.ഐ സ്ഥാനാര്‍ഥിയെ അംഗീകരിച്ചതായി പരാതി
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന എസ്.എഫ്.ഐ നേതാവിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച നടപടി ചട്ടവിരുദ്ധമെന്ന് ആരോപണം.
നേരത്തെ എസ്.എഫ്.ഐ നേതാവ് വി.ആര്‍ അനൂപിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക അപൂര്‍ണ്ണമാണന്ന് കണ്ട് റിട്ടേണിങ്ങ് ഓഫിസര്‍ തള്ളിയിരുന്നു.
സംസ്‌കൃത സര്‍വകലാശാലയിലെ യൂനിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധനാ സമയത്ത് ഒര്‍ജിനല്‍ എസ്.എസ്.എല്‍.സി ബുക്കും സര്‍വകലാശാല ഐഡി കാര്‍ഡും ഹാജരാക്കണം. ഒര്‍ജിനല്‍ എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കാത്തതിനാല്‍ എ.ബി.വി.പിയുടെ ഒരു സ്ഥാനാര്‍ഥിയുടെയും എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥികളായി നോമിനേഷന്‍ സമര്‍പ്പിച്ച മൂന്ന് പേരില്‍ ഒരാളായ അനൂപിന്റെയും നോമിനേഷന്‍ റിട്ടേണിങ്ങ് ഓഫിസര്‍ തള്ളുകയായിരുന്നു.
ഇത് എസ്.എഫ്.ഐ പ്രതിനിധികള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് അനൂപ് തന്റെ എസ്.എസ്.എല്‍.സി ബുക്ക് വകുപ്പില്‍ നിന്നും നഷ്ടപ്പെട്ടുവെന്ന വാദമുയര്‍ത്തി ഇടതുപക്ഷ സഹയാത്രികനായ സാഹിത്യ വിഭാഗം മേധാവി ഡോ.ധര്‍മ്മരാജ് അഡാട്ടിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രീവന്‍സ് സെല്ലിനെ സമീപിച്ച് സ്ഥാനാര്‍ഥിത്വം പുനസ്ഥാപിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു.
തള്ളിയ നോമിനേഷന്‍ തിരിച്ചെടുക്കുവാന്‍ ഗ്രീവന്‍സെല്ലിന് അധികാരമില്ല. നോമിനേഷന്‍ തിരിച്ചെടുത്തതായി സെല്‍ ചെയര്‍മാനായ രജിസ്ട്രാര്‍ ഉത്തരവിറക്കിയിട്ടില്ല.
ഗ്രീവന്‍സെല്‍ ചേര്‍ന്ന മിനിട്‌സിന്റെ അടിസ്ഥാനത്തിലാണു നോമിനേഷന്‍ സ്വീകരിച്ചത്.
നിലവില്‍ സംസ്‌കൃത സര്‍വകലാശാലയുടെ തെരെഞ്ഞെടുപ്പ് ഓര്‍ഡിനന്‍സ് പ്രകാരം പരാതികള്‍ക് തീര്‍പ്പ് കല്‍പിക്കേണ്ടത് വൈസ്ചാന്‍സിലര്‍ ആണ്.
വിവാദങ്ങളെ തുടര്‍ന്ന് സര്‍വകലാശാലയിലെ ഒന്‍പത് പ്രാദേശിക കേന്ദ്രങ്ങളുടെ ഇലക്ഷന്‍ ചുമതല വഹിച്ചിരുന്ന മുഖ്യ വരണാധികാരിയും ഹിന്ദി വിഭാഗം പ്രൊഫസറുമായ സുനിതാ ഗോപാലകൃഷ്ണന്‍ രാജിവച്ചിരുന്നു.
ഇതിനെ തുടര്‍ന്നു രജിസ്ട്രാര്‍ റിട്ടേണിങ്ങ് ഓഫിസറുടെ ചുമതല ഡോ. ഇബ്രാഹിംകുട്ടിക്ക് കൈമാറി.
അനൂപിന്റ എസ്.എസ്.എല്‍.സി ബുക്ക് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും കാണാതായത് പൊലിസ് അന്വേഷിക്കണമെന്നും ചട്ട വിരുദ്ധമായി നോമിനേഷന്‍ സ്വീകരിച്ചവര്‍െക്കതിരെയും നിയമപരമല്ലാതെ സ്ഥാനാര്‍ഥിത്വം നേടിയവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവിശ്യത്തിലാണ് കെ.എസ്.യു, എ.ഐ.എസ്.എഫ് യൂനിറ്റുകള്‍.
നിലവില്‍ നോമിനേഷനുകള്‍ പിന്‍വലിക്കേണ്ട സമയം കഴിഞ്ഞിട്ടും എസ്.എഫ്.ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥികളായി രണ്ടുപേര്‍ തുടരുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നു സിന്റിക്കേറ്റ് മെമ്പറും കെ.എസ്.യു നേതാവുമായ ലിന്റൊ പി. ആന്റു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."