തൂങ്ങിമരിച്ചയാളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറുടെ നടപടി വിവാദമാകുന്നു
കരുനാഗപ്പള്ളി: വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ട മധ്യവയസ്‌ക്കന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറുടെ നടപടി വിവാദമാകുന്നു. ഇടക്കുളങ്ങര പുലിയൂര്‍വഞ്ചിതെക്ക് കവറാട്ടു തെക്കതില്‍ ഷാജഹാ(54) ന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിയാതെ മണിക്കൂറുകളോളം അനിശ്ചിതത്വത്തിലായത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞായറാഴ്ച രാവിലെ 11 ഓടെയാണ് ഷാജഹാനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പൊലിസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഈ സമയം ഡ്യൂട്ടിയുള്ള ഡോ. അരുണ്‍തോമസ് അവിടെയില്ലായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കളും ഗ്രാമപഞ്ചായത്തംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നജീബ്മണ്ണേലും എം.എല്‍.എയുമായി ബന്ധപ്പെട്ടു. ഡോക്ടര്‍ ഡ്യൂട്ടി സമയത്ത് ഏതോ സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
മൂന്നരയോടെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ അരുണ്‍ തോമസ് മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പോസ്റ്റുമോര്‍ട്ടത്തിന് വിസമ്മതിക്കുകയായിരുന്നു. ബന്ധുക്കള്‍ക്കും പൊലിസിനും ഇല്ലാത്ത സംശയം ഡോക്ടര്‍ ഉന്നയിച്ചത് ബോധപൂര്‍വ്വമാണെന്നും ഡ്യൂട്ടിസമയത്ത് ആശുപത്രയിലില്ലാതിരുന്നതിന്റെ കുറ്റബോധം മറയ്ക്കാനാണ് ഡോക്ടറുടെ ശ്രമമെന്നും ഇവര്‍ പറയുന്നു. ഒടുവില്‍ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രയിലേക്കയച്ച് പൊലിസ് സര്‍ജനാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. ഇതുമൂലം ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. ബന്ധുക്കള്‍ ആരോഗ്യവകുപ്പ്മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."