കായിക മേഖലയ്ക്ക് പുത്തനുണര്‍വായി രാജപുരം കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം
രാജപുരം: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയമുള്ള കോളജുകളുടെ കൂട്ടത്തിലേക്ക് ഇനി രാജപുരം സെന്റ് പയസ് കോളജും. കായിക മേഖലയ്ക്കുണര്‍വേകുമെന്ന് കരുതപ്പെടുന്ന ഇത് ജില്ലയിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കൂടിയാണിത്. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, കബഡി, ജൂഡോ, ഗുസ്തി, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍ ഇനങ്ങളായി നടത്താന്‍ കഴിയുന്ന മിക്കയിനങ്ങളും സംഘടിപ്പിക്കാന്‍ സൗകര്യമുള്ള ഈ സ്‌റ്റേഡിയം ഒന്നര കോടി രൂപ ചെലവിട്ട് യു.ജി.സി ധനസഹായത്തോടെയാണ് നിര്‍മിച്ചത്. 70 ലക്ഷം രൂപയാണ് യു.ജി.സി നല്‍കിയത്. നാല് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ ഉള്ള സ്റ്റേഡിയത്തിന്റെ നിലം ഒരുക്കിയിരിക്കുന്നത് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത സോളിഡ് ഇറോക്കോ മരത്തടിയുപയോഗിച്ചാണ്.
2,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് സ്റ്റേഡിയത്തിനുള്ളത്. കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പരിശീലനത്തിനുള്ള സൗകര്യങ്ങളും ജിംനേഷ്യവും സ്‌റ്റേഡിയത്തിന്റെ ഭാഗമായൊരുക്കിയിട്ടുണ്ട്.
ഇതോടെ കായിക പരിശീലനത്തിനായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാവുമെന്ന് പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു പറഞ്ഞു. 1500 പേര്‍ക്കിരിക്കാനുള്ള ഗ്യാലറിയുടെ പണി പൂര്‍ത്തിയാവുന്നതോടെ ദേശീയ നിലവാരത്തിലുള്ള മല്‍സരങ്ങളും ഇവിടെ നടത്താന്‍ സാധിക്കും. രാത്രി പകല്‍ മത്സരങ്ങളടക്കം നടത്താന്‍ പര്യാപ്തമായ ഈ ഇന്‍ഡോര്‍ സ്റ്റേഡിയം ജില്ലയുടെ കായിക വികസനത്തിന് മുതല്‍ക്കൂട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."