തലശ്ശേരി ബനാത്ത് യത്തീംഖാനയില്‍ അഞ്ച് അന്തേവാസിനികള്‍ കൂടി വിവാഹിതരായി
വടക്കാഞ്ചേരി: ജീവകാരുണ്യ സേവന രംഗത്ത് മികവിന്റെ പ്രതിരൂപമായി ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത്ത് യത്തീംഖാന അഗതിമന്ദിരത്തിലെ അഞ്ച് അന്തേവാസിനികള്‍ കൂടി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ച യത്തീംഖാനയില്‍ ഇതുവരെയായി വിവാഹിതരാകുന്നവരുടെ എണ്ണം 84 ആയി. 1993 ല്‍ ഏഴ് കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ 200ല്‍ പരം അനാഥകളും, അഗതികളുമായ പാവപ്പെട്ട കുട്ടികളെ സംരക്ഷിച്ച് വരുകയാണ്. ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി എല്ലാം സൗജന്യമായി നല്‍കി അവരുടെ അഭിരുചിക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും നല്‍കുന്നതും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഇന്നലെ വിവാഹിതരായ മുഴുവന്‍ കുട്ടികള്‍ക്കും അഞ്ച് പവന്‍ സ്വര്‍ണവും, വസ്ത്രവും നല്‍കി. വിവാഹസദ്യ ഏറ്റെടുത്ത് നടത്തിയതും യത്തീംഖാന ഭരണ സമിതിയാണ്. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളാണ് യത്തീം ഖാനയുടെ പ്രസിഡന്റ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളും ദേശമംഗലം റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മറ്റ് പൗര പ്രമുഖരുമാണ് സ്ഥാപനത്തെ നയിക്കുന്നത്. സ്വന്തമായി എല്‍.പി സ്‌കൂള്‍ നടത്തുന്ന സ്ഥാപനം ഡോക്ടര്‍, നേഴ്‌സ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ടി.ടി.സി, ബി.എഡ്, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നീ തൊഴില്‍ പരിശീലനങ്ങളും നല്‍കി വരുകയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് യുവതികളാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ടി.ജസീലക്ക് ബഷീര്‍ റഹീമിയും, എന്‍.ബി ഫര്‍ഷാനക്ക് മുഹമ്മദ് ഷഫീഖും ഇനി ജീവിതത്തില്‍ കൂട്ടാകും. നാഹില ജാഫര്‍, എം.എ ഹഫ്‌സ ഉമര്‍, കെ.ഹസീന സഫ്വാന്‍ എന്നിവരാണ് മറ്റ് വധൂവരന്മാര്‍. സയിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, വിവാഹ ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഹാജി പി.ടി.പി തങ്ങള്‍, സി.കെ.എം സാദിഖ് മുസ്ലിയാര്‍, എം.എം മുഹയുദ്ദീന്‍ മുസ്‌ലിയാര്‍, ടി.പി ഹംസ, കെ.എം മുഹമ്മദ്, ടി.എം ഹംസ മാസ്റ്റര്‍, പി.മമ്മി കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."