'ദേവികൃപ'യില്‍ വൈദ്യുതവിളക്ക് തെളിഞ്ഞു
ഇടവെട്ടി: ഇടവെട്ടി ഒറ്റത്തെങ്ങ് കോളനിയിലെ 'ദേവികൃപ' വീട്ടില്‍ വൈദ്യുതവിളക്ക് തെളിഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) മൂലമറ്റം ഡിവിഷന് പ്രവര്‍ത്തകരാണ് സരസമ്മ ഒറ്റയ്ക്ക് താമസിക്കുന്ന കൊച്ചുവീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. സരസമ്മയുടെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രി കടകംപിള്ളി സുരേന്ദ്രന് ലൈറ്റ് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്തെ വൈദ്യുതിയില്ലാത്ത വീടുകളിലെല്ലാം അതെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊപ്പം നില്ക്കാന് അസോസിയേഷന് കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു സരസമ്മയുടെ ഒറ്റമുറി വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ തീരുമാനിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതിയെത്തിച്ചതിനൊപ്പം വീടിന്റെ വയറിങ് ജോലികളും അസോസിയേഷന് സൗജന്യമായി ചെയ്തുകൊടുത്തു.
വീടിനോട് ചേര്‍ന്ന് നടന്ന യോഗത്തില്‍ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് മൂലമറ്റം ഡിവിഷന് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് തോമസ് അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര് സോമന് സംസാരിച്ചു. സിപിഎം ഇടവെട്ടി ലോക്കല്‍ സെക്രട്ടറി വി എസ് പ്രിന്‍സ്, പഞ്ചായത്തംഗങ്ങളായ ടി എം മുജീബ്, ബീവി സലിം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."