നിസാമിനെതിരേ സഹോദരങ്ങള്‍ നല്‍കിയ പരാതി പിന്‍വലിച്ചു
തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവരാണ് നിസാമിനെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി കാണിച്ച് റൂറല്‍ എസ്.പി നിശാന്തിനിക്ക് കത്ത് നല്‍കിയത്.
എന്നാല്‍ പ്രാഥമികാന്വേഷണം നടക്കുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതിനാല്‍ പരാതി പിന്‍വലിക്കുന്ന കാര്യം കോടതി നടപടികള്‍ക്ക് വിധേയമാകുമെന്നും കേസിന്റെ തുടര്‍ഘട്ടത്തില്‍ പരാതി പിന്‍വലിക്കണമെന്ന അപേക്ഷ പരിഗണിക്കുമെന്നും എസ്.പി അറിയിച്ചു.
കൂട്ടു വ്യവസായികളായ തങ്ങള്‍ നിസാമിനെതിരേ നല്‍കിയ പരാതി കുടുംബത്തില്‍ വലിയ ചര്‍ച്ചയായെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് പരാതിക്ക് കാരണമെന്നും കുടുംബവുമായി പൊതുവായി ആലോചിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്നുമാണ് എസ്.പിക്ക് നല്‍കിയ കത്തില്‍ സഹോദരങ്ങള്‍ പറയുന്നത്.
എന്നാല്‍, ഈ പരാതിയില്‍ തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്‌കുമാര്‍ പ്രാഥമിക അന്വേഷണം നടത്തി മൊഴികള്‍ ശേഖരിച്ചിരുന്നു. കൂടാതെ നിസാമിന് ഫോണ്‍ കൈമാറിയ ജീവനക്കാരന്‍ ഷിബിനില്‍ നിന്നും നിസാം ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വധഭീഷണി, അസഭ്യം പറയല്‍ (ഐ.പി.സി 506 1, 294) തുടങ്ങിയ വകുപ്പുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് അന്തിക്കാട് പൊലിസിനെ എസ്.പി ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പരാതി പിന്‍വലിക്കുകയാണെന്ന് സഹോദരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ സഹോദരങ്ങള്‍ നല്‍കിയ കത്തും നിശാന്തിനി അന്തിക്കാട് പൊലിസിന് കൈമാറിയിട്ടുണ്ട്. കുടുംബ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമാണ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത്. സഹോദരങ്ങളുമായി സംസാരിക്കുന്നതിനിടെ നിസാം വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."