സിപിഎം സ്വീകരണ യോഗം തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
നിലമ്പൂര്‍: സി.പി.എം നിലമ്പൂരില്‍ നടത്തിയ മറ്റ് പാര്‍ട്ടികളില്‍ നിന്നും സി.പി.എമ്മിലേക്ക് വരുന്ന ആയിരം കുടുംബങ്ങള്‍ക്കുള്ള സ്വീകരണ യോഗം രാഷ്ട്രിയ തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സി.പി.എം അണികള്‍ സി.പി.ഐയിലേക്ക് പോകുന്നത് തടയാനാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന്് ഇവര്‍ ആരോപിച്ചു. 1000 കുടുംബങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്ന പ്രചാരണ തട്ടിപ്പ് നടത്തിയവര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പോലും അപഹാസ്യനാക്കിയാണ് പാര്‍ട്ടി പ്രവേശന നാടകം നടത്തിയത്.
സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍ ഏരിയ സെക്രട്ടറിയായിരുന്നു അധ്യക്ഷനാവേണ്ടിയിരുന്നത്. എന്നാല്‍ യോഗത്തില്‍ അധ്യക്ഷനായ പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും സി.പിഎമ്മില്‍ ചേര്‍ന്നിട്ടുണ്ടോ എന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം.
ഘടകകക്ഷിയായ സി.പി.ഐയെ മാത്രം ചടങ്ങില്‍ നിന്നും അകറ്റിയത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയില്‍ ചേര്‍ന്ന ആയിരം കുടുംബങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. 1000 കുടുംബങ്ങള്‍ക്കായി സമ്മേളന സ്ഥലത്ത് വെറും 300 കസേരകള്‍ മാത്രമാണ് ഒരുക്കിയിരുന്നത്. അതില്‍ ഭൂരിഭാഗവും പ്രവര്‍ത്തകര്‍ കൈയ്യടക്കിയിരുന്നു. പുതുതായി വന്നവര്‍ ചുവന്ന റിബ്ബണ്‍ കഴുത്തില്‍ കെട്ടി പ്രകടനമായി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്.
എന്നാല്‍ പ്രകടനം നടത്തിയാല്‍ കള്ളി വെളിച്ചത്താകുമെന്നതുകൊണ്ടാണ് പ്രകടനം ഒഴിവാക്കിയതെന്ന് നേതാക്കള്‍ പരിഹസിച്ചു. അന്‍വറിന്റെ നാടായ ഒതായില്‍ നിന്നും വണ്ടൂരില്‍ നിന്നുമാണ് പ്രവര്‍ത്തകരെ എത്തിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ പണാധിപത്യത്തിലും ഗുണ്ടാവിളയാട്ടത്തിലും പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്കും ഇതര പാര്‍ട്ടികളിലേക്കും ചേക്കേറുകയാണ്.
ഇതിന് തടയിടാന്‍ നടത്തിയ രാഷ്ട്രിയ നാടകമായിരുന്നു സ്വീകരണ യോഗമെന്നും നേതാക്കള്‍ പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളോ അംഗത്വമുള്ള പ്രവര്‍ത്തകരോ സി.പി.എമ്മില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താനും നേതാക്കള്‍ വെല്ലുവിളിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി വി.എ.കരീം, അംഗം ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പാലോളി മെഹബുബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."