മീനച്ചിലാര്‍ തീരം കൈയേറ്റം: സര്‍വേ പാതിവഴിയില്‍ അവസാനിപ്പിച്ചു
ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരപ്രദേശത്തെ കൈയേറ്റ ഭൂമി അളന്നു തിരിക്കുന്ന ജോലികള്‍ നിര്‍ത്തിവച്ചു.
സര്‍വേയര്‍മാരുടെ കുറവ് താലൂക്കിലെ മറ്റ് സര്‍വേ ജോലികളെ ബാധിക്കുന്നുവെന്ന കാരണത്താലാണു ജോലി നിര്‍ത്തിവയ്ക്കുന്നതെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും അവതരണംചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് ഇദ്ദേഹം തന്നെയാണു വ്യാഴാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഇദേഹം സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരെ അഡീഷണല്‍ തഹസില്‍ദാര്‍ തിരിച്ചു വിളിക്കുകയായിരുന്നു.
താലൂക്കില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്നു പറഞ്ഞാണു സര്‍വേയര്‍മാരെ തിരിച്ചുവിളിച്ചത്. താലൂക്ക് ഓഫിസില്‍ എത്തിയപ്പോഴാണു സര്‍വേ ജോലികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇവര്‍ അറിയുന്നത്. എന്നാല്‍ കലക്ടറോ മറ്റ് മേലധികാരികളോ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല.
പേരൂര്‍ പൂവത്തുംമൂട് കടവില്‍ നിന്നും കിണറ്റിന്‍മൂട് വരെ 1.4 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പുറമ്പോക്കു ഭൂമി ബുധനാഴ്ചയാണ് അളന്നു തുടങ്ങിയത്. കൈയേറ്റം കാര്യമായി നടക്കാത്ത ഭാഗമായിരുന്നു ഇന്നലെ ഉച്ചവരെ അളന്നത്. വിവാദമായ കൈയേറ്റ ഭൂമിയിലേക്കു കടക്കുന്നതിനു തൊട്ട് മുന്‍പ് അളവ് നിര്‍ത്തിവച്ചത് സംശയമുണര്‍ത്തുന്നു.
ഏറ്റുമാനൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ പേരൂര്‍ വില്ലേജിലാണ് വിവാദമായ കൈയേറ്റഭൂമി. വില്ലേജ് ഓഫിസര്‍ കൈയേറ്റം സാക്ഷ്യപ്പെടുത്തിയിട്ടും നടപടികളെടുക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയായിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലിന്റെ പരാതിയില്‍ മന്ത്രിയും ലാന്‍ഡ് റവന്യു കമ്മീഷണറും ഇടപെട്ടതിനെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം വീണ്ടും സര്‍വേ ജോലികള്‍ ആരംഭിച്ചത്.
നേരത്തെ സര്‍വേയ്ക്ക് ഉത്തരവിട്ട അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ കൈയേറ്റക്കാരുടെ അപേക്ഷയെ മാനിച്ച് അളക്കല്‍ മാറ്റിവച്ചിരുന്നു. സ്ഥലം അളക്കാനുള്ള ഒട്ടേറെ അപേക്ഷകള്‍ താലൂക്കില്‍ കെട്ടിക്കിടക്കുമ്പോള്‍ ആകെയുള്ള രണ്ട് സര്‍വേയര്‍മാരെ ഒരാഴ്ച മാറ്റി നിര്‍ത്താനാവില്ലെന്നാണു അഡീഷണല്‍ തഹസില്‍ദാര്‍ ഇപ്പോള്‍ പറയുന്നത്. മാത്രമല്ല ഹൈക്കോടതി വിധിയനുസരിച്ച് മീനച്ചിലാറിന്റെ പുറമ്പോക്ക് ഭൂമി മൊത്തം അളക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ സര്‍വേ ഡയറക്ടര്‍ നിയോഗിക്കുന്നുണ്ടെന്നും അപ്പോള്‍ മാത്രമേ പേരൂരിലെ വിവാദ ഭൂമിയും അളക്കൂ എന്നും ഇദ്ദേഹം പറയുന്നു. സര്‍വ്വേ നടപടികള്‍ നിര്‍ത്തിവച്ച അഡീഷണല്‍ തഹസില്‍ദാര്‍ മന്ത്രിയുടെയും മറ്റും ഉത്തരവിനു പുല്ലുവിലയാണു കല്‍പിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
അതേ സമയം പുറമ്പോക്ക് കൈയേറ്റത്തിനെതിരെ എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും സര്‍വേ നിര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."