ഗുണ്ടാസംഘങ്ങളുമായി ബന്ധം: ഒളിവിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവര്‍ക്കായുള്ള പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ തട്ടികൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയില്‍ ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നതിനുള്ള പൊലിസിന്റെ ദൗത്യസേന രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ കഴിഞ്ഞദിവസം തന്നെ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം ഷുക്കൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആന്റണി ആശാന്‍പറമ്പിലിനും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനുമെതിരേ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് കേസെടുത്തത്. നെട്ടൂര്‍ സ്വദേശികളായ നൈമനപ്പറമ്പില്‍ അബി (35), നങ്ങ്യാരത്തുപറമ്പ് ഭരതന്‍ ഷിജു (40), അബ്ദുള്‍ സലാം (കൊഞ്ച് സലാം-40) പള്ളുരുത്തി സ്വദേശി റംഷാദ് (35) എന്നിവരെയാണ് മരട് കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിനു പൊലിസ് ഉടന്‍ അപേക്ഷനല്‍കും. തട്ടിക്കൊണ്ടുപോകല്‍, നിയമ വിരുദ്ധമായി തടവിലാക്കല്‍, ശാരീരിക മര്‍ദനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആന്റണിക്കും മറ്റു പ്രതികള്‍ക്കുമെതിരേ കേസെടുത്തിട്ടുള്ളത്. കേസിലെ ഒന്‍പത് പ്രതികള്‍ ഒളിവിലാണ്. പിടിയിലായ സലാമിനും അബിക്കുമെതിരേ 18 ക്രിമിനല്‍ കേസുകളുണ്ട്. സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആന്റണിയും ഗുണ്ടാ സംഘങ്ങളുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലിസ് ശേഖരിച്ചു. കേസിലെ ആറാം പ്രതിയും ഭായി നസീറിന്റെ സംഘാംഗവുമായ അബ്ദുല്‍ സലാമുമായി ആന്റണി നിരവധി തവണ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ വിവരം അന്വേഷണ സംഘമായ സിറ്റി ടാസ്‌ക് ഫോഴ്‌സിന് ലഭിച്ചു. ഇത് ശാസ്ത്രീയമായി പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ പറഞ്ഞു. അറസ്റ്റിലായ മറ്റൊരു പ്രതി ഭരതന്‍ ഷിജുവും ഭായി നസീറിന്റെ സംഘാംഗമായിരുന്നു. ഭരതന്‍ ഷിജുവിന് കരാര്‍ മാറ്റികൊടുക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണിയുടെ നേതൃത്വത്തില്‍ ഷുക്കൂറിനെ നഗ്നനാക്കി മണിക്കൂറോളം മര്‍ദിച്ചത്. മര്‍ദനത്തെക്കുറിച്ച് പുറത്ത് പറയുകയോ പൊലിസില്‍ പരാതി പറയുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2013ല്‍ നടന്ന സംഭവത്തെക്കുറിച്ച് ഷുക്കൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും മുന്‍മന്ത്രി കെ.ബാബു ഇടപെട്ട് ഒതുക്കിയെന്ന് പനങ്ങാട് പൊലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു നിര്‍മാണ പ്രദേശത്തു നിന്ന് ചെളി നീക്കുന്നതിന് പത്ത് ലക്ഷം രൂപയ്ക്ക് ഷുക്കൂര്‍ എടുത്ത കരാര്‍ ഭരതന്‍ ഷിജുവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ആന്റണി ആശാന്‍പറമ്പില്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി ഏരിയാസെക്രട്ടറി സക്കീര്‍ ഹൂസൈനെ ഒന്നാം പ്രതിയാക്കി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ സക്കീറും ഒളിവിലാണ്. പൊലിസിന്റെ ഈ നടപടിയാണ് ഷുക്കൂറിനെ വീണ്ടും പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്.
പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ നഗ്നനാക്കി മര്‍ദിച്ച കേസില്‍ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവും മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിലിനെയും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് പാര്‍ട്ടിതല നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് കാണിച്ച ആര്‍ജവം ക്രിമിനല്‍കേസില്‍ പ്രതിയായ ഏരിയാസെക്രട്ടറിക്കെതിരേ സ്വീകരിക്കാന്‍ സി.പി.എം തയാറാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം വര്‍ഷങ്ങളായി രാഷ്ട്രീയമായും അല്ലാതെയും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടെന്നും അത് രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നും ആന്റണി ആശാന്‍പറമ്പില്‍ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊതുരംഗത്തുള്ള താന്‍ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."