രാമന്‍തുരുത്തില്‍ രണ്ടുപേര്‍ വന്നില്ല; പ്രതീക്ഷയുടെ 17 വോട്ടുകള്‍ അമര്‍ന്നു
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും ചെറിയ ബൂത്തായ രാമന്‍തുരുത്തില്‍ ഇക്കുറിയും പോളിങ് നൂറുശതമാനത്തിലെത്തിയില്ല. 19 വോട്ടര്‍മാര്‍ മാത്രമുള്ള എറണാകുളം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന രാമന്‍തുരുത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടി എല്ലാ തെരഞ്ഞെടുപ്പിലും താല്‍ക്കാലിക ബൂത്ത് കെട്ടുകയാണ് പതിവ്.
പത്ത് പുരുഷന്മാരും ഒമ്പത് സ്ത്രീകളും സമ്മതിദായകരായ രാമന്‍തുരുത്തില്‍ ഉച്ചയ്ക്ക് 2.30 നുള്ളില്‍ തന്നെ 90 ശതമാനം വോട്ടും പോള്‍ചെയ്തു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജെറി, ഓപ്പറേഷന്‍ കഴിഞ്ഞുവിശ്രമിക്കുന്ന ജെറിയുടെ സഹോദരി ജെഫി എന്നിവര്‍ ഒഴികെ 17 പേരും സമ്മതിദാനം വിനിയോഗിച്ചു.
നേരത്തെ 31 വീട്ടുകാര്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ അഞ്ചുകുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്്. കൊച്ചി നിയോജകമണ്ഡലത്തിലെ രണ്ടാം നമ്പര്‍ ബൂത്താണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ തെക്കു കിഴക്കുഭാഗത്തെ ഒറ്റപ്പെട്ട പ്രദേശമായരാമന്‍തുരുത്ത്. ഇവിടേക്ക് വാഹനസൗകര്യമില്ലാത്തതിനാല്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് പോളിങ് ബൂത്ത് സജ്ജീകരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാമന്‍തുരുത്തിലെ ബൂത്ത്് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഫോര്‍ട്ടുകൊച്ചിയില്‍ പോയി വോട്ട് രേഖപ്പെടുത്തേണ്ടിവന്നിരുന്നു.
ബൂത്ത് ഒഴിവാക്കരുതെന്ന രാമന്‍തുരുത്തുകാരുടെ അഭ്യര്‍ഥന മാനിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ക്കായി ബുത്ത് സജ്ജമാക്കിയത്്. പോളിങ് ഓഫിസറായ ചേന്ദമംഗലം പാലിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മെറ്റിയും, ബാബു, ഷെറിന്‍ എന്നീ സഹ ഓഫിസര്‍മാരും രാവിലെ ഏഴ് മണിക്ക് തന്നെ ബൂത്തിലെത്തി. എട്ട് മണിക്ക് വില്‍ഫ്രഡ് ആദ്യ വോട്ട് പോള്‍ ചെയ്തു.സ്ഥലത്തെ പൊതുപ്രവര്‍ത്തകനായ നിക്‌സന്‍ വില്‍ഫ്രഡ് വോട്ട് ചെയ്തതിന് പിന്നാലെ ഇടവേളകളില്‍ ഓരോരുത്തരായി പോളിങ ്ബൂത്തിലെത്തി. ഉച്ചക്ക് 12 മണി വരെ ഏഴ് പേരാണ് വോട്ട് ചെയ്തത്.
40 ശതമാനം പോളിങ്. ജോലിത്തിരക്കുകള്‍ അവസാനിച്ച് അഞ്ചു വീടുകളില്‍ നിന്നും വീട്ടമ്മമാര്‍ എത്തി വോട്ട് ചെയ്തതോടെ രണ്ടര മണിക്കുള്ളില്‍ പോളിങ് പൂര്‍ത്തിയായി. സുമേഷ് ആയിരുന്നു അവസാന വോട്ടര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമം പാലിച്ച് വൈകീട്ട് ആറു മണി വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും കാത്തിരിക്കേണ്ടിവന്നു. വോട്ടിങ് കഴിഞ്ഞിട്ടും പോളിങ് ഓഫിസര്‍മാര്‍ക്കും അവര്‍ക്ക് കാവല്‍ നിന്ന എസ്.ഐ ഉള്‍പ്പടെ അഞ്ചോളം പൊലിസുകാര്‍ക്കും മണിക്കൂറുകളോളം വെറുതെയിരുന്ന്് സമയം തള്ളിനീക്കേണ്ടിവന്നു.
ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ കമ്പനിയുടെ ഗോഡൗണുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് രാമന്‍തുരുത്ത്. ഗോഡൗണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കമ്പനി ഇവിടെ താമസിപ്പിച്ച തൊഴിലാളികളുടെ പിന്‍മുറക്കാരാണ് രാമന്‍തുരുത്തിലുള്ള അഞ്ച് കുടുംബങ്ങള്‍.
ഇത്തവണയും രാമന്‍തുരുത്തുകാര്‍ പ്രതീക്ഷകളോടെയാണ് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയത്്. തങ്ങളുടെ വീടിനും സ്ഥലത്തിനും പട്ടയം എന്ന ആവശ്യമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്്. പഴകി ദ്രവിച്ച് ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് പലരുടെയും താമസം. പുരയിടത്തിന് പട്ടയമില്ലാത്തതിനാല്‍ വീടുകള്‍ പുതുക്കിപ്പണിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അഞ്ച് കുടുംബങ്ങള്‍ക്കും അടുത്തടുത്ത സ്ഥലങ്ങളില്‍ പത്ത്‌സെന്റ് വീതം അനുവദിച്ച് പട്ടയം നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് ഇവര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്.
പക്ഷെ ഒരു തെരഞ്ഞെടുപ്പ് കൂടി വന്നു പോകുമ്പോഴും രാമന്‍തുരുത്തുകാരുടെ ജീവിതം അനിശ്ചിതാവസ്ഥയില്‍ തന്നെ. യു.ഡി.എഫ് സര്‍ക്കാര്‍ കുടിവെള്ളവും വൈദ്യുതിയും എത്തിച്ചത്് രാമന്‍തുരുത്തുകാരുടെ ദുരിതജീവിതത്തിന് വലിയൊരളവോളം പരിഹാരമായത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ കിഴക്കേ മതിലിനോട് ചേര്‍ന്ന് രാമന്‍തുരുത്തിലേക്കുള്ള ഇടുങ്ങിയ റോഡിന് കുറുകെ സ്വകാര്യ ബോട്ട്് റിപ്പയറിങ് യാര്‍ഡ് വന്നത് തുരുത്തിലെ വീടുകളിലേക്കുള്ള ഗതാഗതം ദുഷ്‌കരമാക്കിയിട്ടുണ്ട്.
കൂറ്റന്‍ ബോട്ടുകള്‍ കരയിലേക്ക് വലിച്ചു കയറ്റുന്നതിന് നീളത്തില്‍ കെട്ടിയിട്ടുള്ള ഉരുക്കു റോപ്പുകള്‍ മറികടന്നു വേണം രാമന്‍തുരുത്തിലേക്ക് കടക്കാന്‍. പട്ടയ ഭൂമിയില്‍ പുനരധിവാസവും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വരുമെന്ന കാത്തിരിപ്പിലാണ് രാമന്‍തുരുത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."