വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് അതീവ സുരക്ഷ
പത്തനംതിട്ട: നാളെ നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എസ്. ഹരികിഷോര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മൂന്ന് തലത്തിലുള്ള അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
തിരുവല്ല മാര്‍ത്തോമാ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, കോന്നി എലിയറയ്ക്കല്‍ അമൃതാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളാണ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടില്ലാത്ത ആരെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. കേന്ദ്രത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ മേഖലയില്‍ കാല്‍നടയായി മാത്രമേ കടത്തി വിടുകയുള്ളു. ഒരു കവാടത്തില്‍ കൂടിമാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പ്രധാന കവാടത്തില്‍ പരിശോധന നടത്തും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. സ്‌ട്രോംഗ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ സുഗമവും സുരക്ഷിതവുമായി കൊണ്ടുവരുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.
ആയുധം, തീപ്പെട്ടി എന്നിവ കൊണ്ടുവരുന്നതു തടയുന്നതിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ കവാടത്തില്‍ സംസ്ഥാന പൊലിസ് ശരീര പരിശോധന നടത്തും. മതിയായ പാര്‍ക്കിംഗ് സ്ഥലം, തുറന്ന സ്ഥലം,അഗ്നിശമന സംവിധാനങ്ങള്‍, മുടക്കമില്ലാതെ വൈദ്യുതി, ശൗചാലയങ്ങള്‍ എന്നിവ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉറപ്പാക്കും. കേന്ദ്രത്തിന്റെ വാതിലില്‍ കേന്ദ്ര സേനാംഗങ്ങളാകും സുരക്ഷയൊരുക്കുക. ഇവിടെയും നിരോധിത വസ്തുക്കള്‍ കടത്തുന്നതു തടയുന്നതിന് ശരീര പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ആദ്യം പോസ്റ്റല്‍ ബാലറ്റുകളാകും എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 500 പോസ്റ്റല്‍ ബാലറ്റിന് ഒരു ടേബിള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ഉള്‍പ്പടെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 16 ടേബിള്‍ ഉണ്ടാകും.
ഒരു ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റ് എന്നിവരെ നിയോഗിക്കും. തപാല്‍ വോട്ട് എണ്ണി തുടങ്ങിയ ശേഷമേ വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണുകയുള്ളൂ. വോട്ടെണ്ണലിന് കുറ്റമറ്റ മൂന്നു തലത്തിലുള്ള ടാബുലേഷന്‍ സംവിധാനമാണ് അവലംബിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് അഞ്ചു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയ നടക്കുക. രാഷ്ട്രീയ പാര്‍ടികളുടെ ഏജന്റുമാരുടെ സംശയങ്ങള്‍ അപ്പപ്പോള്‍ ദൂരീകരിച്ചാകും വോട്ടെണ്ണല്‍ നടത്തുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."