സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാംപ്
തൊടുപുഴ : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ്ബുകളുടെയും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ 13നു രാവിലെ എട്ടു മുതല്‍ 11 വരെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ വച്ച് പ്രമേഹ രോഗനിര്‍ണ്ണയ ക്യാംപ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ നൂറാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം ഡയബറ്റിക് മുക്ത കേരളം എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതും ക്യാംപിന്റെ ലക്ഷ്യമാണ്. ലയണ്‍സ് ഡിസ്ട്രിക്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.സി മേനോന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമസ് ജേക്കബ് ക്യാംപ് ഉദ്ഘാടനം ചെയ്യും.
പ്രമേഹം ഒരു അവലോകനം, പ്രമേഹവും കൊളസ്‌ട്രോളും, പ്രമേഹവും ഹൃദ്രോഗവും എന്നീ വിഷയങ്ങളില്‍ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. തോമസ് എബ്രാഹം, ഡോ. നിവേദ് കുന്നംകോട്ട്, ഡോ. മാത്യു എബ്രാഹം, ഡോ. ജെയിന്‍ ടി. കല്ലറക്കല്‍, ഡോ. ടോണി തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും.
ക്യാംപില്‍ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്ള രോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും ക്യാംപില്‍ പ്രവേശനം. 13നു രാവിലെ 7.30 മുതല്‍ സെന്റ് മേരീസ് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് എബ്രാഹം, ഡോ. സി.സി മേനോന്‍ , ജെയിന്‍ എം. ജോസഫ് , ജെയിംസ് ടി. മാളിയേക്കല്‍ , രമേശ് , റ്റി. സി രാജു , ഷിന്‍സ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."