ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവം തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
കാക്കനാട്: ഔദ്യോഗിക വാഹനം ദുരുപയോഗത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. ഔദ്യോഗിക വാഹനത്തില്‍ ചെയര്‍പേഴ്‌സണ്‍ ഇല്ലാതെ സി.പി.എം കൗണ്‍സിലര്‍മാരായ സി.പി സാജലും സി.എ.നിഷാദും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയത് സംബന്ധിച്ച് യോഗത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സലിമിന്റെ പ്രസംഗം ഭരണക്ഷി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഡെസ്‌കിലടിച്ചും കൂവിവിളിച്ചും ബഹളമുണ്ടാക്കി തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശനങ്ങള്‍ക്ക് കാരണം.
പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് ചെയര്‍പേഴ്‌സണില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുറ്റക്കാരായ കൗണ്‍സിലര്‍മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം മുദ്രവാക്യം വിളിച്ചു കൊണ്ട് ചെയര്‍പേഴ്‌സന്റെ ചെയറിനടുത്തെത്തി. ഇതോടെ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും ബഹളവും രൂക്ഷമായി. പ്രതിപക്ഷ അംഗങ്ങളായ പി.എം സലിം, പി എം യൂസഫ്, ടി.എം അലി, റഫീഖ് പൂതേലി, മേരി കുര്യന്‍, സീന റഹ്മാന്‍, അജിത തങ്കപ്പന്‍, സ്മിത സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചെയര്‍മാനെതിരെ പ്രതിഷേധം.
പ്രതിപക്ഷത്തിന്റെ ആരോപണത്തെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ അസാന്ന്യത്തില്‍ തിരുവന്തപുരത്തേക്ക് ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്ത സംഭവം കൊണ്ട് തടയിടാനായിരുന്നു ഭരണക്ഷി കൗണ്‍സിലര്‍മാരുടെ ശ്രമം. എന്നാല്‍ യാത്ര കൗണ്‍സില്‍ അംഗീകാരത്തോടെയാണ് പോയതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചതോടെ പ്രതിരോധിക്കാന്‍ കഴിയാതെ സി.പി.എം കൗണ്‍സിര്‍മാര്‍ ബഹളം കൂട്ടുകയായിരുന്നു.
കൗണ്‍സില്‍ നിയന്ത്രിക്കാന്‍ ചുമലപ്പെട്ട ചെയര്‍പേഴ്‌സണ്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. യാത്ര നടത്തിയ സി.പി.എം കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി എടുത്തതിനു ശേഷം കൗണ്‍സില്‍ തുടങ്ങിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ വനിത അംഗങ്ങള്‍ കൂട്ടത്തോടെ ഉദ്യോഗസ്ഥന്റെ ചെയറിനു മുന്നില്‍ ചെന്ന് മുദ്രവാക്യം വിളിച്ചതോടെ യോഗം കലങ്ങിമറിഞ്ഞു.
കൗണ്‍സില്‍ യോഗം കലങ്ങിയതോടെ ക്ഷുഭിതയായി ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ട് ഇറങ്ങി പോവുകയും ചെയ്തു. നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത വിഷയം ചര്‍ച്ച ചെയ്യാതെ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്ന് അംഗങ്ങളോടെ ധാര്‍ഷ്ട്യത്തോടെ പെരുമാറിയ ചെര്‍പേഴ്‌സണ്‍ന്റെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ.സലിം, പി.എം യൂസഫ്, ടി.എം അലി, മേരി കുര്യന്‍, അജിത തങ്കപ്പന്‍, സീന റഹ്മാന്‍, ഷീല ചാരു, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൗണ്‍സിലിന് അകത്തും പുറത്തും ബഹളം കേട്ട് പരിസത്തുണ്ടായിരുന്ന നാട്ടുകാര്‍ നഗരസഭ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇടത്,വലുത് കക്ഷികളുടെ അഡ്ജസ്‌മെന്റ് ഭരണമാണ് നടക്കുന്നതെന്ന് ചീത്തപ്പേരുള്ള തൃക്കാക്കരയില്‍ അടുത്തകാലത്തൊന്നും ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വ്യാഴാഴ്ചത്തെ പോലെ ഏറ്റുമുട്ടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
അതെസമയം സി.പി.എമ്മിനുള്ളിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരും നേതാക്കളും പ്രശ്‌നത്തില്‍ ഇടപെടാതെ കാഴ്ചക്കാരായി മൗനം പാലിച്ചതും ശ്രദ്ധിക്കപ്പെട്ടു. ചെയര്‍പേഴ്ണ്‍നെ മുന്നിലിരുത്തി രണ്ട് കൗണ്‍സിലര്‍മാരുടെ പിന്‍സിറ്റ് ഡ്രൈവിങില്‍ ചില സി.പി.എം കൗണ്‍സിലര്‍മാരില്‍ പ്രതിഷേധം പുകയുകയാണ്.
ഔദ്യോഗിക വാഹനത്തില്‍ രണ്ട് കൗണ്‍സിലര്‍മാരുടെ രഹസ്യയാത്രയും ചില സി.പി.എം കൗണ്‍സിലര്‍മാര്‍ക്ക് രുചിച്ചിട്ടില്ലെന്നാണ് സൂചന. അടുത്തയിടെ വനിത കമ്മിഷന്‍ അംഗത്തോട് പൊതുജന മധ്യത്തില്‍ തട്ടിക്കയറിയതിന് അറസ്റ്റിലായ സി.പി.എം വിമത കൗണ്‍സിലറെ കോടതിയില്‍ നിന്ന് ജാമ്യത്തിലിറക്കാന്‍ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ പര്‍ട്ടി കൗണ്‍സിലര്‍മാര്‍ സഹകരിച്ചതിനെതിരെ രണ്ട് സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങള്‍ പരസ്യമായി രംഗത്തത്തെിയതും വിവാദമായിരുന്നു.
അതേ സമയം നഗരസഭയില്‍ ഇന്നലെ കൂടിയ യോഗത്തില്‍ മൗന പ്രാര്‍ത്ഥനക്കു ശേഷം ഏതാനും ചില യുഡിഎഫ് അംഗങ്ങള്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് സമയബന്ധിതമായി തീര്‍ക്കേണ്ട അജണ്ടകള്‍ പോലും ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ യോഗം അലങ്കോലപ്പെടുത്തിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ യോഗത്തിലെ മിനിസ്റ്റ് ബുക്കിലെ പേജുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ വലിച്ചു കീറിയതായും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."