കുഞ്ഞിച്ചിരി നിലയ്ക്കുന്ന അട്ടപ്പാടി ഊരുകള്‍...
പാലക്കാട്: അട്ടപ്പാടി ശിശുക്കളുടെ ശ്മശാന ഭൂമിയാകുന്നു. ഇന്നലെ പത്തുമാസം പ്രായമുള്ള ഒരു ആദിവാസികുഞ്ഞു കൂടി മരിച്ചു. കഴിഞ്ഞ പത്തുമാസത്തിനിടെ ഏഴു നവജാത ശിശുക്കളാണ് മരിച്ചത്. എല്ലാം പോഷക ആഹാരക്കുറവിന്റെ അപര്യാപ്തതമൂലം. അട്ടപ്പാടിയിലെ ശിശുമരണത്തെ കുറിച്ചു പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലനും മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീനും നിയമസഭയില്‍ നടത്തിയ വാദകോലാഹലങ്ങള്‍ അവസാനിച്ചു തുടങ്ങിയപ്പോഴേക്കും ഈ മാസത്തില്‍ മാത്രം രണ്ടു നവജാത ശിശുക്കളാണ് മരിച്ചത്.
രാഷ്ട്രീയക്കാര്‍ ഇതു മുതലെടുപ്പായി കാണുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികുലം മരിച്ചു മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. പരാതികളുണ്ടാവുമ്പോള്‍ ന്യായവാദങ്ങള്‍ നിരത്തി, കൊമ്പുകോര്‍ക്കുമ്പോള്‍ പാവം ഇവിടത്തെ ആദിവാസികളുടെ അടുത്ത തലമുറയ്ക്ക് ആളില്ലാതായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.
അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസി അമ്മമാര്‍ക്കും രക്തക്കുറവുണ്ട് 2014 ല്‍ തമ്പു എന്ന സംഘടന നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയതാണിത്. ഹിമോഗ്ലോബിന്റെ അളവ് പത്തില്‍ താഴെയാണ്, കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 87 ശതമാനത്തിനും പോഷകാഹാര കുറവുണ്ട്. അനാരോഗ്യമുള്ള ഇവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും ആരോഗ്യമില്ലാതെയാണ് ജനിക്കുന്നത്.
----------------------------------------------Χ------------------------------------------------
അട്ടപ്പാടിയില്‍ മൂന്നര വര്‍ഷത്തിനിടെ മരിച്ചത് 75 ശിശുക്കള്‍
പോഷകാഹാരക്കുറവ്, ജനിതക വൈകല്യം, ജന്മനാ ഉള്ള രോഗങ്ങള്‍ എന്നിവ മൂലം അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ മരിച്ചത് 75 കുട്ടികള്‍.
♦ 2013 - 33
♦ 2014 - 18
♦ 2015 - 17
♦ 2016 - 07
അട്ടപ്പാടിയില്‍ ഓരോ വര്‍ഷങ്ങളിലും അട്ടപ്പാടിയില്‍ മരണപ്പെട്ട ശിശുക്കളുടെ നിരാക്കാണിതെന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തമ്പ് എന്ന സംഘടനയുടെ നേതാക്കള്‍ പറയുന്നു.
-------------------------------------------Χ-----------------------------------------------
കോറയും ചാമയും കൂവരാകും ചോളവും ഉള്‍പ്പെടെ ധാന്യങ്ങളും, മുള്ളുചീരയും തുടങ്ങി 134 ഇനം ഇലക്കറികളും പോഷകമൂല്യമുള്ള കിഴങ്ങുവര്‍ഗങ്ങളും ഗര്‍ഭിണികള്‍ കഴിച്ചിരുന്നു. എന്നാല്‍, പാരമ്പര്യ ഭക്ഷണരീതികള്‍ കൈവിട്ടതും പോഷകാഹാരമുള്ള ഭക്ഷണങ്ങള്‍ കിട്ടാതായതും ഗര്‍ഭിണികള്‍ക്ക് തിരിച്ചടിയാണ്. രാസവളം, കീടനാശിനികള്‍ തളിച്ചുണ്ടാക്കുന്ന അന്യനാട്ടില്‍ നിന്നുമെത്തുന്ന റേഷന്‍ അരി ഉപയോഗിച്ചുള്ള ഭക്ഷണരീതിയും ഫാസ്റ്റ് ഫുഡ് സംസ്‌കാരവുമാണ് ഇപ്പോള്‍ ആദിവാസികള്‍ക്കിടിയിലുള്ളത്.
[caption id="attachment_166898" align="alignnone" width="630"] അട്ടപ്പാടി ആദിവാസി ഊരിലെ കുട്ടികള്‍[/caption]
മൂന്ന് മാസം മുലപ്പാല്‍ മാത്രം നല്‍കിയിരുന്ന അമ്മമാര്‍ക്ക് മുലപ്പാലില്ല, പാലില്‍ കുറുക്കിയ ചാമക്കഞ്ഞി നല്ല തൂക്കംവയ്ക്കാന്‍ ഉപകരിക്കും. ഇപ്പോള്‍ ചാമ കഞ്ഞി കുടിക്കാന്‍ പോലും കിട്ടാറില്ല. പുതിയ കുട്ടികള്‍ കിട്ടിയാലും ഉപയോഗിക്കാറില്ല. പൊറോട്ടയും ചോറും ഭക്ഷണം ശീലമാക്കിയവര്‍ക്ക് പഴയതൊന്നും ഇഷ്ട്ടപെടുന്നില്ലെന്നും അട്ടപ്പാടിയിലെ തായ്ക്കുള്ള സംഘം പ്രസിഡന്റ് ഭഗവതി പറയുന്നു. ചാമയും കോറയും തിനയും ഇപ്പോള്‍ അപൂര്‍വ കൃഷിയായി. ഇതെല്ലാം വീണ്ടെടുത്ത് ഭക്ഷണശീലമാക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ശിശുമരണങ്ങള്‍ ഇല്ലാതാവുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."