ശബരിമല മണ്ഡലകാലം: ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍
തൊടുപുഴ: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുന്നതിന് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു.
ശബരിമല മണ്ഡലകാലത്ത് ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരുടെ സേവനത്തിനായി പൊലിസ്, എക്‌സൈസ്, റവന്യു, മോട്ടോര്‍വാഹന വകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡുകള്‍ പ്രവര്‍ത്തനിരതമാകും.
ശുചിത്വം ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഫുഡ്‌സേഫ്റ്റി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. മണ്ഡലകാലത്തോടനുബന്ധിച്ച് നടത്താന്‍ ഏറ്റെടുത്ത 30 പ്രവര്‍ത്തികളില്‍ 22 എണ്ണം പൂര്‍ത്തിയാക്കിയതായും ശേഷിക്കുന്നവ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അറിയിച്ചു. കുമളിയിലെ എ.ആര്‍.ഡബ്‌ള്യൂ.എസ് കുടിവെള്ള വിതരണ പദ്ധതിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി കമ്മീഷന്‍ ചെയ്താല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.
മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷയും പൊലിസ് സേവനവും ശക്തമാക്കുമെന്ന് ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജ്ജ് പറഞ്ഞു.
യോഗത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.ആര്‍ പ്രസാദ്, സബ്കലക്ടര്‍ എന്‍.റ്റി.എല്‍ റെഡ്ഡി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികളായ ശാന്തി ഹരിദാസ്, ആന്‍സി ജെയിംസ്, രാജു വടുതല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."