പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: കെ.കെ. ശൈലജ
തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷാ പദ്ധതി സംസ്ഥാനതല പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ആരോഗ്യം പൂര്‍ണമാവുക എന്നാല്‍ അവരുടെ സ്വാതന്ത്ര്യവും സമത്വവും പൂര്‍ണമാവുക എന്നാണര്‍ത്ഥം. അതിനായി ആരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദമാക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗജന്യനിരക്കില്‍ ചികിത്സയും മരുന്നും ലഭ്യമാക്കും. ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ വരുന്ന രോഗികള്‍ വെയിലുകൊണ്ട് ക്യൂ നിന്നുതളര്‍ന്നുവീഴുന്ന അവസ്ഥയ്ക്കു മാറ്റം വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കാനും അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
സബ് സെന്റര്‍ തലം മുതല്‍ ആരോഗ്യ കേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തുടനീളം വാര്‍ഡുതലത്തില്‍ ഇരുപത്തിയഞ്ച് വോളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ സേനകള്‍ക്കു രൂപം കൊടുക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സേനയുടെ പ്രവര്‍ത്തനത്തിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."