ശാസ്ത്രപൂരത്തിന് കൊടിയിറക്കം; സയന്‍സിലും കണക്കിലും മിന്നിത്തിളങ്ങി കുട്ടികള്‍
ശാസ്ത്രത്തിലും ഗണിതത്തിലും കാസര്‍കോട്
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ച കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവ ശാസ്ത്രമേളയില്‍ കാസര്‍കോട് ഉപജില്ല ( 200 പോയന്റ്) ജേതാക്കള്‍. ചെറുവത്തൂര്‍ 174 പോയന്റുമായി രണ്ടാം സ്ഥാനവും ഹോസ്ദുര്‍ഗ് 168 മൂന്നാംസ്ഥാനവും സ്വന്തമാക്കി.
ഗണിതശാസ്ത്രമേളയിലും കാസര്‍കോടിനാണ് കിരീടം. 379 പോയന്റുമായാണ് ഗണിതത്തിലും കാസര്‍കോട് വിജയകിരീടം ചൂടിയത്. ചെറുവത്തൂര്‍ (317 പോയന്റ്) രണ്ടാം സ്ഥാനവും. ബേക്കല്‍ ഉപജില്ല (289 പോയന്റ്) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ശാസ്‌ത്രോത്സവ സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള ക്യഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അംഗം ടി ഡി കബീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാസിയ, അസിയ എം മുഹമ്മദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി വി ക്യഷ്ണകുമാര്‍, നാഗവേണി, പി കെ ഗീത, ശ്രീധരന്‍ മുണ്ടോള്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, യമുന സംസാരിച്ചു. കാസര്‍കോട് ഡി ഡി ഇ യു കരുണാകരന്‍ സ്വാഗതവും കെ വി വാസുദേവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
പണ പ്രതിസന്ധിക്കിടയിലും പകിട്ടോടെ മേള
ചട്ടഞ്ചാല്‍: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം അല്‍പം പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതെല്ലാം മറികടന്നു സംഘാടകര്‍ ജില്ലാ ശാസ്‌ത്രോത്സവം മികവുറ്റതാക്കി. പ്രവൃത്തി പരിചയമേളയില്‍ വേദികള്‍ ഒരുക്കിയതിലെ ചില്ലറ പിഴവുകള്‍ മാറ്റി നിര്‍ത്തിയാല്‍ സംഘാടനമികവിന്റെ മേളയ്ക്കാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊടിയിറങ്ങിയത്. രണ്ടുനാളുകളില്‍ വിരുന്നെത്തിയ അയ്യായിരത്തോളം പ്രതിഭകളും അധ്യാപകരുമെല്ലാം നല്ല ആതിഥേയത്വത്തിനു നന്ദി പറഞ്ഞാണ് മടങ്ങിയത്. ശാസ്‌ത്രോത്സവത്തിലെ ഭക്ഷണത്തിനും വിരുന്നുകാര്‍ നൂറില്‍ നൂറു മാര്‍ക്ക് നല്‍കി. ഒരു വെജിറ്റബിള്‍ ബിരിയാണി പൊതി. അതില്‍കൂടുതലൊന്നും ശാസ്‌ത്രോത്സവത്തില്‍ ഉച്ചഭക്ഷണമായി ആരും പ്രതീക്ഷിക്കുന്നില്ല. അങ്ങനെയാണ് പതിവ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ഭക്ഷണം വിഭവസമൃദ്ധമായിരുന്നു. നാലായിരം പേര്‍ക്കാണ് ഓരോ ദിവസവും ഉച്ചഭക്ഷണം ഒരുക്കിയത്. പുല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പാചകം. മേളയ്ക്ക് എത്തിയവര്‍ക്ക് പ്രഭാതഭക്ഷണവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."