നോട്ട് നിരോധനം: രാഷ്ട്രപതി ഭവനിലേക്ക് മമതയുടെ നേതൃത്വത്തില്‍ മാര്‍ച്ച്
ശിവസേന പങ്കെടുത്തു
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് ഒരുവിഭാഗം രാഷ്ട്രീയനേതാക്കള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന, ആംആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുടെ നേതാക്കള്‍ പെങ്കെടുത്തു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല. മാര്‍ച്ചില്‍ ശിവസേനയുടേതുള്‍പ്പെടെ 40 ഓളം എം.പിമാര്‍ അണിനിരന്നു.
ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനാണ് മാര്‍ച്ചെന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. ഒരു മുന്നൊരുക്കവുമില്ലാതെ നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിച്ചതെന്ന് രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. ചെറുകിട വ്യാപാരികളെയും ഗ്രാമങ്ങളെയും നിരോധനം കാര്യമായി ബാധിച്ചിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയാണുള്ളത്. അത് സാമ്പത്തിക അരാജകത്വമായി മാറിയിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നാലു ശതമാനം ജനങ്ങള്‍ക്കാണ് ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുള്ളതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടിയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
പണം പിന്‍വലിച്ച നടപടിയ്ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അത് നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നമെന്നും ശിവസേനാ എം.പി ആനന്ദറാവു അദ്‌സുല്‍ പറഞ്ഞു.
പരിപാടിക്കു ഐക്യദാര്‍ഢ്യം അറിയിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."