മാലിന്യങ്ങള്‍ക്ക് പിന്നില്‍ മാഫിയയെന്ന്
കല്‍പ്പറ്റ: വയനാട്ടിലേക്ക് നിരന്തരമെത്തുന്ന മാലിന്യങ്ങള്‍ക്ക് പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ആരോപിച്ചു.
ഇത് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവങ്ങളില്‍ പനമരം, പച്ചിലക്കാട്, വെള്ളാരംകുന്ന് എന്നിവിടങ്ങളില്‍ മാലിന്യ ലോറി തടഞ്ഞ സംഭവം. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് വയനാട്ടിലേക്ക് തള്ളുന്നത്. ഇതിന് ഇടനിലക്കാരായി ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ പ്രവൃത്തിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അസ്മത്ത് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് കെല്ലൂരില്‍ ഇത്തരത്തില്‍ രണ്ട് മാലിന്യ ലോറികളാണെത്തിയത്. ഇത്തരം വാഹനങ്ങള്‍ നാട്ടുകാര്‍ പിടികൂടിയത് പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയത് കൊണ്ടാണ്.
എന്നാല്‍ രാത്രി സമയത്ത് പല വാഹനങ്ങളും ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് പലയിടങ്ങളിലും കുഴിച്ചുമൂടിയതായും സംശയം ഉയരുന്നുണ്ട്. ജില്ലയുടെ പലയിടങ്ങളിലും നാലും അഞ്ചും ഏക്കര്‍ സ്ഥലം വാങ്ങിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാലിന്യം നിക്ഷേപിക്കുന്നതായി അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളി ഈ കുഴികള്‍ മൂടുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ ജില്ലാ അതിര്‍ത്തികളില്‍ കടുത്ത പരിശോധനകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പൊതുജനം ജാഗ്രത പാലിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."