മധ്യ തിരുവിതാംകൂറിലെ വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് പഠനം
കോഴിക്കോട്: ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്രദമാകുന്ന വിധത്തില്‍ പത്തനംതിട്ടയില്‍ വിമാനത്താവളത്തിന് സാധ്യത തെളിഞ്ഞതോടെ ഇപ്പോള്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് പദ്ധതിക്ക് അനുയോജ്യമെന്ന് പഠന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇതുവരെ പദ്ധതി നടത്തിപ്പു സംബന്ധിച്ചുള്ള തീരുമാനമോ സാധ്യതാപഠനമോ ആരംഭിച്ചിട്ടില്ലെങ്കിലും പ്രവാസികളുടെ നേതൃത്വത്തില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ രൂപീകരിച്ച കമ്പനി നടത്തിയ പഠനത്തിലാണ് എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റിന്റെ അനുകൂല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള കണ്‍സള്‍ട്ടിങ് കമ്പനിയായ അമേരിക്കയിലെ'എയ്‌കോം' ആണ് ചെറുവള്ളി, ളാഹ, കുമ്പഴ, കല്ലേലി എന്നീ എസ്റ്റേറ്റുകളില്‍ സാധ്യതാ പഠനം നടത്തിയത്. ചെറുവള്ളി എസ്റ്റേറ്റും ളാഹ എസ്റ്റേറ്റും വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കുമ്പഴ എസ്റ്റേറ്റില്‍ നിരപ്പുള്ള സ്ഥലമുണ്ടെങ്കിലും ചുറ്റുമുള്ള കുന്നുകളും വന്‍മലകളും വിമാനത്തിന് ഇറങ്ങാനും ഉയരാനും ബുദ്ധിമുട്ടുണ്ടാക്കും. ഇതേപ്രശ്‌നം കല്ലേലി എസ്റ്റേറ്റിനുമുണ്ട്. ളാഹ എസ്റ്റേറ്റിന് ഇരുവശത്തും മലകളുണ്ടെങ്കിലും റണ്‍വേയുടെ പൊസിഷന്‍കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നാണ് പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിന് ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റുമായുള്ള കേസുകള്‍ പരിഹരിച്ച് സ്ഥലം വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളി തന്നെയാണ്. അതു നടക്കില്ലെങ്കില്‍ ളാഹ എസ്റ്റേറ്റാണ് പരിഗണിക്കാവുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ, പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ മധ്യ തിരുവിതാംകൂറില്‍ ജനകീയ എയര്‍പോര്‍ട്ട് പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് ഡല്‍ഹി ആസ്ഥാനമായ 'ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍' പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ഇതിനായി പത്തനംതിട്ട ജില്ലാ കലക്ടറേറ്റിന് മുന്‍വശം 'ഇന്‍ഡോ ഹെറിറ്റേജ് ഇന്റര്‍നാഷനല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന വിമാനത്താവള കമ്പനിയുടെ ഓഫിസ് തുറക്കുകയും ചെയ്തിരുന്നു.
കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും ആറന്മുളയില്‍ കെ.ജി.എസ് ഗ്രൂപ്പ് വിമാനത്താവള നിര്‍മാണവുമായി മുന്നോട്ടുപോയതിനാല്‍ മറ്റൊരു പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍തലത്തില്‍ ഇതുവരെ ഒരു നീക്കവും നടന്നിരുന്നില്ല. എന്നാല്‍ കെ.ജി.എസ് ഗ്രൂപ്പിന്റെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കാതായതോടെയാണ് മറ്റൊരു വിമാനത്താവളം എന്ന പദ്ധതിയിലേയ്ക്ക് പ്രവാസികളുടെ നേതൃത്വത്തിലുള്ള സംഘടന നീങ്ങിയത്.
ഇവര്‍ നടത്തിയ'സാധ്യതാ പഠന റിപ്പോര്‍ട്ട്' ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. എയര്‍പോര്‍ട്ട് നിര്‍മാണത്തിനാവശ്യമായ 2500 കോടി രൂപ സമാഹരിക്കാന്‍ തയാറാണെന്നും കമ്പനി അധികൃതര്‍ സര്‍ക്കാരിനെ അറിയിക്കും. അതേസമയം പുതിയ വിമാനത്താവളം ഏതു രീതിയില്‍ നടപ്പാക്കണമെന്ന തീരുമാനം ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചായിരിക്കും വിമാനത്താവള പദ്ധതിയുടെ സ്വകാര്യ പങ്കാളിത്വവും നടത്തിപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."