ആനക്കയം-തിരൂര്‍ക്കാട് പാതയില്‍ വാഹനവേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല
മങ്കട: ആനക്കയം - തിരൂര്‍ക്കാട് പാതയില്‍ വാഹന വേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിലെ ഒരേ പ്രദേശത്തു ലോറികള്‍ കവര്‍ന്നെടുത്തതു രണ്ടുജീവനുകള്‍. അപകട മേഖലയായി മാറിയതോടെ മങ്കടയിലെ കടന്നമണ്ണ പഞ്ചായത്തുപടി പ്രദേശ വാസികള്‍ ആശങ്കയിലാണ്. വ്യാഴാഴ്ചയും ശനിയാഴ്ചയുമായി അടുത്തടുത്ത സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിലാണ് രണ്ടുപേര്‍ മരണപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടതിനു പിന്നാലെ അതേ സ്ഥലത്തു തൊട്ടുത്താണ് ശനിയാഴ്ചയുണ്ടായ മറ്റൊരപകടത്തില്‍ മങ്കടയിലെ ഓട്ടോ ഡ്രൈവറുടെ ജീവന്‍ ലോറി കവര്‍ന്നത്. മങ്കട മേലോട്ടു കാവില്‍ രാധാകൃഷ്ണന്‍ എന്ന കുഞ്ഞാനുവാണ് (54) ബൈക്കില്‍ സഞ്ചരിക്കവേ ലോറി കയറി തല്‍ക്ഷണം മരിച്ചത്.
മഞ്ചേരി ഭാഗത്തു നിന്നു വരിയകയായിരുന്ന രാധാകൃഷ്ണന്റെ ബൈക്കിനു പിറകില്‍ കാറിടിച്ചതിനെത്തുടര്‍ന്നു റോഡില്‍ മറിഞ്ഞ വീണതോടെ ദേഹത്തു കൂടി എതിരേ വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. രണ്ടപകടങ്ങളും കടന്നമണ്ണയിലുള്ള പഞ്ചായത്തു പടിയിലെ സ്‌കൂളിനു മുന്നിലാണ് നടന്നത്.
വ്യാഴാഴ്ച നടന്ന അപകടത്തില്‍ പൂഴിക്കുന്നു തച്ചറക്കുന്നുമ്മല്‍ മുഹമ്മദ് അസ്‌ലമിന്റെ മരണം മൂലമുണ്ടായ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുമ്പെ മറ്റൊരു ദാരുണ അപകടം പ്രദേശ വാസികളെ ഭയത്തിലാക്കിയിട്ടുണ്ട്.
നേരത്തേ തന്നെ അപകട സാധ്യതയുള്ള ഈ ഭാഗങ്ങളില്‍ ലോറികളും ബസുകളും അതിവേഗം പായുന്നതു തന്നെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. നിലവില്‍ വാഹന വേഗം നിയന്ത്രിക്കാന്‍ അധികൃതര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സൂചനാ ബോര്‍ഡുകളും, നിരീക്ഷണ ക്യാമറകളും ഈ റൂട്ടില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കണമെന്നു മുറവിളി ശക്തമായിട്ടുണ്ട്. പ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."