രണ്ടു മന്ത്രിമാരെ പ്രതീക്ഷിച്ച് ജില്ല
വി.കെ.സിക്കും സാധ്യത
കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയില്‍ കുറഞ്ഞതു രണ്ടു മന്ത്രിമാരെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജില്ല. ജില്ലയില്‍ നിന്നുള്ള ഒരു സി.പി.എം അംഗം മന്ത്രിയാകുമെന്ന് ഉറപ്പാണ്. എന്‍.സി.പിക്കു ലഭിക്കുന്ന മന്ത്രിസ്ഥാനത്തേക്ക് എലത്തൂരില്‍ നിന്നുള്ള എ.കെ ശശീന്ദ്രനെ പരിഗണിക്കാനാണു സാധ്യത.
പേരാമ്പ്രയില്‍ നിന്നു വിജയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി രാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ നിന്നു മൂന്നാം ജയം നേടിയ സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാര്‍ എന്നിവരില്‍ ഒരാള്‍ മന്ത്രിയായേക്കും. മുസ്‌ലിം പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കില്‍ ബേപ്പൂരില്‍ നിന്നുള്ള വി.കെ.സി മമ്മദ്‌കോയക്കു നറുക്കു വീഴും. സെക്രട്ടേറിയേറ്റംഗമെന്നത് ടി.പി രാമകൃഷ്ണനു മുന്‍തൂക്കം നല്‍കുന്നുണ്ട്. ഏറെക്കാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇതു രണ്ടാം തവണയാണു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം, പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പും ഇടതു തരംഗത്തിലും ജയത്തിനു തിളക്കം കുറഞ്ഞും ടി.പിയെ വെട്ടാന്‍ ആയുധമാക്കാന്‍ ഇടയുണ്ട്. മികച്ച ജനപ്രതിനിധിയെന്നതും വ്യത്യസ്തമായ വികസന കാഴ്ചപ്പാടുകളും എ. പ്രദീപ്കുമാറിന്റെ സാധ്യത കൂട്ടുന്നു. പിണറായി വിജയന്റെ താല്‍പര്യവും തീരുമാനത്തില്‍ പ്രതിഫലിക്കുകയാണെങ്കില്‍ പ്രദീപ് തന്നെയാകും ജില്ലയില്‍ നിന്നുള്ള മന്ത്രി. ഇത്തവണ 27,873 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എം.എല്‍.എ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുകയും ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യനുമായ പ്രദീപ്കുമാറിനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റെന്ന നിലയില്‍ മികച്ച കായിക സംഘാടകന്‍ കൂടിയായ പ്രദീപിനു കായിക വകുപ്പു നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മേയര്‍ സ്ഥാനത്തു നിന്നൊഴിഞ്ഞ വി.കെ.സി മമ്മദ് കോയയെ എം.എല്‍.എ മാത്രമായി ഒതുക്കുന്നതു ശരിയല്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. എന്‍.സി.പിയില്‍ ശശീന്ദ്രനു പുറമെ കുട്ടനാട്ടില്‍ നിന്ന് തോമസ് ചാണ്ടിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനത്തിനു കൂടുതല്‍ സാധ്യത പാര്‍ട്ടിയില്‍ സീനിയറായ ശശീന്ദ്രനാണ്. പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം നേതൃത്വത്തിന്റെ താല്‍പര്യവും ശശീന്ദ്രന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. യു.ഡി.എഫ് മന്ത്രിസഭയില്‍ ഒരു മന്ത്രി സ്ഥാനം മാത്രമായിരുന്നു ജില്ലയ്ക്കുണ്ടായിരുന്നത്. ഇത്തവണ പതിനൊന്ന് എം.എല്‍.എമാരാണ് ജില്ലയില്‍ എല്‍.ഡി.എഫിനുള്ളത്.
ജനതാദളിനു ലഭിക്കുന്ന മന്ത്രിസ്ഥാനം വടകരയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.കെ നാണുവിനു വേണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ടെങ്കിലും മാത്യു ടി. തോമസിനു തന്നെ നറുക്കു വീഴാനാണു സാധ്യത. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണുണ്ടായിരുന്നത്. ഇത്തവണ എന്തായാലും ഒന്നില്‍ കൂടുതല്‍ മന്ത്രിസ്ഥാനം ജില്ലയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."