മാണിക്കെതിരായ മൂന്ന് കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ മൂന്ന് കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കോട്ടയത്തു നടന്ന സമൂഹവിവാഹം, കെ.എസ്.എഫ്.ഇയിലെ നിയമനം, ഗവ. പ്ലീഡര്‍മാരുടെ നിയമനം എന്നിവയില്‍ അഴിമതി നടന്നുവെന്ന കേസുകളിലാണ് വിജിലന്‍സ് മാണിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം, മറ്റു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസം കൂടി സമയം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2014 ഒക്ടോബറില്‍ കോട്ടയത്തു വച്ചായിരുന്നു സമൂഹ വിവാഹം. ഒരു കോടിയോളം രൂപ ചെലവായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് ഒരു രൂപപോലും നീക്കിവച്ചിരുന്നില്ല.
അഴിമതിയായി ലഭിച്ച പണമാണ് ഇതിനുവേണ്ടി ഒഴുക്കിയതെന്നായിരുന്നു ആരോപണം. സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിക്കാന്‍ മാണിയുടെ നേതൃത്വത്തില്‍ വ്യാപക കൈക്കൂലി ഇടപാടു നടന്നെന്നായിരുന്നു മറ്റൊരു ആരോപണം. നിയമനത്തിന് 10 ലക്ഷം രൂപവീതം മാണിക്കു നല്‍കിയതായി ഒരാള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും പരാതിക്കാരന് നല്‍കിയിരുന്നു. കെ.എസ്.എഫ്.ഇ നിയമനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ കെ.എം.മാണി വാങ്ങിയെന്നായിരുന്നു മൂന്നാമത്തെ ആരോപണം. മൂന്നു കേസുകളിലും മാണിക്കെതിരേ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ആരോപണങ്ങളില്‍ കുറ്റവിമുക്തനായത് ബാര്‍കോഴ കേസില്‍ അന്വേഷണം നേരിടുന്ന മാണിക്ക് ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."