ഭിന്നശേഷിക്കാര്‍ക്ക് താങ്ങും തണലുമാകാന്‍ കൂട്ടായ്മയൊരുങ്ങി
തിരൂര്‍: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയിലെ പി.എം.ആര്‍ വിഭാഗത്തിന് കീഴില്‍ മൂന്ന്, നാല് തിയതികളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ 'വരം 2016' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഇന്ന് തുടക്കം. ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സില്‍, കെ.ജി.എം.ഒ.എ, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ്മയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ ഒന്‍പതിന് 'ഭിന്നശേഷി സമൂഹത്തിന് സംരഭകത്വവും സ്വാശ്രയത്വവും' എന്ന സെമിനാറോടെ പരിപാടികള്‍ തുടങ്ങും. 10.30ന് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ് ണന്‍ അധ്യക്ഷനാകും.
മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍, തിരൂര്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ.എസ്. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പി.എം.ആര്‍ വിഭാഗത്തെ സീറോ പെന്‍ഡിങ് വിഭാഗമായി പ്രഖ്യാപിക്കല്‍, തിരൂര്‍ ഉപജില്ലയിലെ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി മലയാള സര്‍വകലാശാല സംഘടിപ്പിക്കുന്ന അക്ഷര വണ്ടി പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രിയില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ സി.ബി.ആര്‍.ഒ.പി പദ്ധതി ഉദ്ഘാടനം എന്നിവയും നടക്കും. വരത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ഉപകരണ നിര്‍ണയ ക്യാംപില്‍ പങ്കെടുത്തവര്‍ക്കുളള ഉപകരണവും വിതരണം ചെയ്യും.
ഉച്ചക്ക് രണ്ടിന് സഹൃദയ സദസ് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയും വൈകിട്ട് 4.30ന് കലാസന്ധ്യ കവി ആലങ്കോട് ലീലാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. വിവിധ സ്‌പെഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
നാലിന് മുതിര്‍ന്നവരും ഭിന്നശേഷിയും ചര്‍ച്ച പ്രഫ.യു. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കഴിവുള്ള കുട്ടി എന്ന വിഷയത്തില്‍ സെമിനാര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ ശില്‍പ്പശാല, ഗെയിംസ്, ദന്തപരിശോധനാ ക്യാംപ് തുടങ്ങിയവയും നടക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം കാര്‍ട്ടൂണിസ്റ്റ് വേണു ഉദ്ഘാടനം ചെയ്യും. പ്രഫ.ആര്‍.കെ മലയത്ത് മുഖ്യാതിഥിയാകും.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വരം സംഘടിപ്പിക്കുന്നത്. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ജാവേദ് അനീസ്, ഡോ. ഹാനി ഹസന്‍, എന്‍. റാഷിജ്, നാസര്‍ കുറ്റൂര്‍, പി.വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."