മേക്കടമ്പ് വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട
മൂവാറ്റുപുഴ: മേക്കടമ്പ് വാഹനപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട. ശനിയാഴ്ച രാത്രി കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മേക്കടമ്പ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു.
മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ(60) ഇവരുടെ മകന് പ്രവീണിന്റെ ഭാര്യ രജിത(25) ഇവരുടെ മകള്‍ നിവേദ്യ(4) എന്നിവരുടെ മൃതദേഹമാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചത്. രാവിലെ തന്നെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ട് വന്നിരുന്നു. മൃതദേഹങ്ങള്‍ ഒരേസമയം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മൂന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാധയുടെ മൃതദേഹം കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയിലും രജിതയുടെ മൃതദേഹം പിറവം സര്‍ക്കാര്‍ ആശുപത്രിയിലും നിവേദ്യയുടെ മൃതദേഹം മൂവാറ്റുപുഴ ജനറലാശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മൂന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിച്ചു. മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി നാട് ഒഴുകിയെത്തിയതോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
വൈകിട്ട് നാല് മണിയോടെ മൂന്ന് മൃതദേഹങ്ങളും ഒരുമിച്ച് ഒരേ സമയമാണ് ദഹിപ്പിച്ചത്. ശനിയാഴ്ച രാത്രി മേക്കടമ്പ് ഗണപതി ക്ഷേത്രത്തില്‍ പാനക പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെയിടയിലേക്ക് നിയന്ത്രണം വിട്ടുവന്ന സാന്‍ട്രോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ(60) ഇവരുടെ മകന് പ്രവീണിന്റെ ഭാര്യ രജിത(25), ഇവരുടെ മകള്‍ നിവേദ്യ(4) എന്നിവര്‍ മരിക്കുകയും. രജിതയുടെ മറ്റൊരു മകള്‍ നവമി (3), പ്രവീണിന്റെ സഹോദരി പ്രീജ (32), മക്കളായ അമ്പാടി(5), ശ്രേയ(8) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കേലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
എറണാകുളം ഭാഗത്ത് നിന്ന് വന്ന കെ.എല്‍ 44 എ, 3243 സാന്‍ട്രോ കാറാണ് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരായ ഇടിച്ച് തെറിപ്പിച്ച ശേഷം തൊട്ട് സമീപത്തെ ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക് മറിഞ്ഞത്. കേതമംഗലം കീരംപാറ സ്വദേശി സണ്ണിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ കാര്‍ ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."