ജില്ലാ ആശുപത്രിയില്‍ സായാഹ്ന ഒ.പി പേരിന് മാത്രം
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സായാഹ്ന ഒ.പി രോഗികള്‍ക്ക് തലവേദയാകുന്നു. ഒ.പി കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ആശുപത്രിയിലെത്തുന്ന നുറുകണക്കിനു രോഗികള്‍ക്ക് ദുരിതമാകുന്നത്.
ഒ.പി പ്രവര്‍ത്തന രഹിതമായതോടെ രോഗികള്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇത് അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ പരിചരണത്തിനും പ്രശ്‌നമാകുന്നുണ്ട്. വൈകുന്നേരം നാലുമണി മുതല്‍ എട്ടു മണി വരെയാണ് സായാഹ്ന ഒ.പിയുടെ പ്രവര്‍ത്തന സമയം. എന്നാല്‍ പിന്നീട് 7.30 ആക്കി കുറച്ചു. ഇപ്പോള്‍ നാലു മണിയോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്ന മുറിയില്‍ താല്‍ക്കാലികമായി ഒരുക്കിയ ഒ.പി.യില്‍ എത്തുന്ന ഡോക്ടര്‍ പേരിന് രോഗികളെ പരിശോധിച്ച ശേഷം മുങ്ങുന്ന രീതിയാണ്. നിസാരമായ ജലദോഷവും പനിയും വന്ന രോഗികള്‍ പോലും അത്യഹിതത്തിലാണ് എത്തുന്നത്. തിരക്കു കാരണം മിക്കവര്‍ക്കും ചികിത്സ ലഭിക്കാതെ മടങ്ങുകയാണ് പതിവ്. അത്യഹിതത്തിലാകട്ടെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഒരു സമയം ലഭിക്കുന്നത്. ഞായറാഴ്ചകളില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തിക്കാറുമില്ല. മുമ്പ് ജില്ലാ ആശുപത്രിയിലുണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും സമരവുമായി രംഗത്തെത്തിയിരുന്ന രാഷ്ട്രീയ യുവജന സംഘടനകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയെ തിരിഞ്ഞ് നോക്കാറുമില്ല. ഇത് കൃത്യവിലോപം കാണിക്കുന്ന ജീവനക്കാര്‍ക്കും മറ്റും അനുഗ്രഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."