പൊലിസിന്റെ അഭ്യര്‍ഥന; എസ്.പി ഓഫിസ് മാര്‍ച്ച് മാറ്റി
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു നടത്താനിരുന്ന എസ്.പി ഓഫിസ് മാര്‍ച്ച് മാറ്റിവച്ചു. പൊലിസ് രേഖാമൂലം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് താല്‍ക്കാലികമായി മാറ്റിവച്ചത്.
ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് ഇതുവരെ11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശേഷിക്കുന്ന മൂന്നു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മലപ്പുറം ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം തിരൂരങ്ങാടി സി.ഐ എസ്.വൈ.എസ് ജില്ലാ കമ്മിറ്റിക്കു രേഖാമൂലം ഉറപ്പുനല്‍കുകയായിരുന്നു.
ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പൊലിസ് വീഴ്ച വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുന്നയിച്ചു കഴിഞ്ഞ ദിവസം എസ്.വൈ.എസ് ജില്ലാ കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചത്. സംഭവത്തില്‍ ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മാര്‍ച്ച് മാറ്റിവയ്ക്കണമെന്നും അഭ്യര്‍ഥിച്ചാണ് സി.ഐ എസ്.വൈ.എസ് ജില്ലാ കമ്മിറ്റിക്കു കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."