അജിതയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് സ്റ്റേ
കൊച്ചി: നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് പി. അജിതയുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഭിഭാഷകന്‍ ഭഗവത് സിങ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അജിതയുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്‌കരിക്കുന്നത് തടഞ്ഞ ഹൈക്കോടതി അജിതയും ഹരജിക്കാരനും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിച്ച് സര്‍ക്കാര്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അജിതയുടെ മൃതദേഹം മാന്യമായ രീതിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുതരണമെന്നാവശ്യപ്പെട്ട് ഭഗവത് സിങ് മലപ്പുറം എസ്.പിക്കും തൃശൂര്‍ ക്രൈംബ്രാഞ്ച് സ്‌പെഷല്‍ അന്വേഷണ സംഘത്തിലെ ഡിവൈ.എസ.്പിക്കും നിവേദനം നല്‍കിയിരുന്നു. കേരള പൊലിസ് മാന്വലിലെ വ്യവസ്ഥയനുസരിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറാവുന്നില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് മൃതദേഹം കൈമാറാമെന്ന് പറയുന്നുണ്ട്.
ഇതനുസരിച്ചാണ് അപേക്ഷ നല്‍കിയത്. ഡിസംബര്‍ ഒന്‍പതുവരെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിക്കാമെന്ന് പൊലിസ് വാക്കാല്‍ ഉറപ്പു നല്‍കിയിരുന്നെന്നും ഈ തിയതി കഴിയുന്ന സാഹചര്യത്തില്‍ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ തന്നെ അനുവദിക്കണമെന്നും വ്യക്തമാക്കിയാണ് ഭഗവത് സിങ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."