മേപ്പാടി പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് സ്‌കൂള്‍ പരിസരത്ത്
മേപ്പാടി: സ്‌കൂള്‍ പരിസരത്ത് പകല്‍ സമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. ഇതു വിദ്യാര്‍ഥികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന ആശങ്കയുണ്ടാകുന്നു.
മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് ഗ്രാമ പഞ്ചായത്താണ് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. ടൗണില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സ്‌കൂളിന്റെ ഗേറ്റിന് മീറ്ററുകള്‍ മാത്രം അകലെയാണ് കത്തിക്കുന്നത്. പുകയും ദുര്‍ഗന്ധവും സ്‌കൂള്‍ കെട്ടിടങ്ങളും ആയുര്‍വേദ ആശുപത്രിയിലേക്കെത്തുന്ന രോഗികളും ശ്വസിക്കേണ്ടി വരുന്നു. മാസങ്ങളായി ഈ ഭാഗത്ത് തന്നെയാണ് മാലിന്യം കത്തിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. നിലവില്‍ മേപ്പാടി പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളില്ല. മുമ്പ് അട്ടമലയിലെ വന പ്രദേശത്താണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ വനം വകുപ്പ് ഇതിന് അനുമതി നിഷേധിച്ചതോടെ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണം നിലക്കുകയായിരുന്നു. നിലവില്‍ ടൗണില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യങ്ങളാണ് സ്‌കൂള്‍ പരിസരത്തിട്ട് കത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."