വീട്ടി, തേക്ക് മരങ്ങള്‍ മുറിച്ച് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന്
കല്‍പ്പറ്റ: റവന്യൂ പട്ടയ ഭൂമിയിലെ കര്‍ഷകരോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ജില്ലാ റവന്യൂ പട്ടയ ഭൂമി കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ റവന്യൂ പട്ടയ ഭൂമിയിലുള്ള റിസര്‍വ് ചെയ്തതിലെ കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ വയനാടിന് സ്‌പെഷ്യല്‍ പാക്കേജായി പരിഗണിച്ച് അനുമതി നല്‍കണമെന്ന് ഇവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മാറിവരുന്ന സര്‍ക്കാരുകള്‍ ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് കര്‍ഷകര്‍ നേതൃത്വം നല്‍കേണ്ട സാഹചര്യം ഉടലെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
1943ല്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഗ്രോമോര്‍ ഫുഡ്' എന്ന പദ്ധതി ആവിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് കൃഷിചെയ്യാതെ കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്ക് കൃഷിചെയ്യുവാന്‍ അനുവദിക്കുകയായിരുന്നു. 1957ലെ ഭൂസംരക്ഷണ നിയമം 10ാംവകുപ്പ് അനുസരിച്ച് റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ്വ് ചെയ്ത വീട്ടിമരങ്ങള്‍ സംരക്ഷിക്കുവാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നാണ് നിയമം. 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് നിയമം പാസാക്കിയതിനെതുടര്‍ന്ന് ഇത്തരത്തിലുള്ള വസ്തുവിന് സ്ഥലവിലയും മരവിലയും ഈടാക്കി കൃഷിക്കാര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ സ്ഥലത്തുള്ള വീട്ടിമരങ്ങള്‍ സര്‍ക്കാരില്‍ റിസര്‍വ്വ് ചെയ്താണ് പട്ടയം നല്‍കിയത്. ഇപ്രകാരം പട്ടയത്തില്‍ വീട്ടിമരങ്ങള്‍ റിസര്‍വ്വ് ചെയ്തതിനാല്‍ കൈവശക്കാരനായ കൃഷിക്കാരന് ഇതുമുറിക്കുവാനോ സ്ഥലത്ത് വീട് വെയ്ക്കുവാനോ നിര്‍മ്മാണ പ്രവൃത്തി നടത്തുവാനോ കഴിയുകയില്ല, കൂടാതെ ഈ മരങ്ങളിലെ ചോല നിയന്ത്രിക്കുവാനും അനുവദിക്കാത്തത് കൊണ്ട് കാര്‍ഷിക വിളകളിലെ ഉല്‍പാദനം ഗണ്യമായി കുറയുവാനും കാരണമായി. ഇതില്‍ ഭൂരിഭാഗം മരങ്ങളും ഇപ്പോള്‍ വീടുകള്‍ക്കും മറ്റും ഭീഷണിയായി നില്‍ക്കുകയാണ്. വയനാട്ടില്‍ 12000 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തിലുള്ളത്. ഇതില്‍ ഭൂരിപക്ഷവും നാമമാത്രകര്‍ഷകരാണ്. വീട്ടിമരം മുറിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഇത്രയും കര്‍ഷകര്‍ക്ക് ഇത് ഗുണകരമായിരിക്കും.
പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ പലതും പ്രായാധിക്യത്തിലും കാലപ്പഴക്കത്താലും പൂതലിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. 1000 കണക്കിന് വീട്ടിമരങ്ങളാണ് ഈ രീതിയില്‍ നശിച്ചുപോകുന്നത്. 1971ന് മുമ്പ് റവന്യൂ പട്ടയം കിട്ടിയ കര്‍ഷകര്‍ക്ക് മരം മുറിച്ച് ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, പുന്നയ്ക്കല്‍ ജോസ്, റവന്യു പട്ടയഭൂമി കര്‍ഷക സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് ടി.എം ബേബി, കെ ഇക്ബാല്‍ പരിയാരം, ബി രാധാകൃഷ്ണപിള്ള എന്നിവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."