വിലയിടിവ് തടയാന്‍ എണ്ണ ഉല്‍പാദനം കുറയ്ക്കും
ജിദ്ദ: എണ്ണ വിലയിടിവു തടയാന്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനൊപ്പം പ്രതിദിനം 5.62 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാന്‍ മറ്റു രാജ്യങ്ങളും തീരുമാനിച്ചു.
വിയന്നയിലെ ഒപെക് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ കുറയ്ക്കാനാണു കഴിഞ്ഞമാസം അവസാനം തീരുമാനിച്ചത്. ഇതോടെ പ്രതിദിനം 17.62 ലക്ഷം ബാരലിന്റെ കുറവാണുണ്ടാകുക.
ആഗോള ഉല്‍പാദനത്തിന്റെ രണ്ടു ശതമാനം വരുമിത്. രണ്ടുവര്‍ഷമായി തുടരുന്ന എണ്ണ വിലയിടിവു പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ണായക തീരുമാനമാണിതെന്നാണു വിലയിരുത്തല്‍.
15 വര്‍ഷത്തിനു ശേഷമുള്ള സംയുക്ത തീരുമാനമാണിത്. ഒപെക് തീരുമാനത്തെത്തുടര്‍ന്നു ബാരലിന് 50 ഡോളറിനു മുകളില്‍ തുടരുകയാണ് എണ്ണവില. വില അമ്പതു ഡോളറില്‍ താഴേക്കു പോകാതെ പിടിച്ചുനിര്‍ത്തുകയാണ് ഉല്‍പാദക രാജ്യങ്ങളുടെ ലക്ഷ്യം.
ഒപെക് ഇതര രാജ്യങ്ങള്‍ ആറുലക്ഷം ബാരല്‍ കുറയ്ക്കുന്നതു സംബന്ധിച്ചു സൗദി അറേബ്യയും റഷ്യയും തമ്മില്‍ നേരത്തേ നടന്ന ചര്‍ച്ചകളില്‍ ധാരണയിലെത്തിയിരുന്നു.
റഷ്യ മൂന്നുലക്ഷം ബാരല്‍ കുറയ്ക്കാമെന്നാണു വാഗ്ദാനം. ഒപെക് ഇതര രാജ്യങ്ങളുമായി ധാരണയിലെത്തിയെന്നും അതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കുക മാത്രമേ ബാക്കിയുള്ളൂവെന്നും സഊദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ഒപെക് ഇതര ധാരണ പൊളിയാന്‍ സാധ്യത കുറവാണെന്നു റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കും പറഞ്ഞു. ഇതു നിര്‍ണായക തീരുമാനമാണെന്നും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോ പറഞ്ഞു. ഒപെക്കിനു പുറത്തുള്ള 12 രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്നതില്‍ പങ്കാളികളാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കു പുറമേ അസര്‍ബൈജാന്‍, കസഖ്സ്ഥാന്‍, ഒമാന്‍, മെക്‌സിക്കോ, സുഡാന്‍, ബഹ്‌റൈന്‍, മലേഷ്യ, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിയന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇതില്‍ മെക്‌സിക്കോ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളില്‍ മറ്റു ചില കാരണങ്ങള്‍കൊണ്ട് ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. ഇതിനിടെ ഒപെക് രാജ്യങ്ങള്‍ ഈമാസം മുതല്‍ ഉല്‍പാദനം കുറയ്ക്കുന്ന നടപടികള്‍ ആരംഭിച്ചു.
ജനുവരി മുതലുള്ള എണ്ണ കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നു സഊദി, യു.എസിലെയും യൂറോപ്പിലെയും ഉപയോക്താക്കളെ അറിയിച്ചു. ഇറാഖ്, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളും അവരുടെ ഉപയോക്താക്കളെ ഉല്‍പാദന കുറവിനെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."