ഭക്ഷ്യ പരിശോധനക്ക് ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്
മഞ്ചേരി: ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ നന്നേ കുറവ്. ഭക്ഷ്യവസ്തുക്കള്‍ പരിശോധികാനുള്ള ലാബുകള്‍, ഫുഡ്‌സേഫ്റ്റി ഓഫിസര്‍മാര്‍, ഓഫിസുകള്‍, വാഹനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ജില്ലക്കു വേണ്ടവിധം ഇല്ലാത്തത്. തിരുവനന്തപുരം, എറണാംകുളം കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള ലാബുകള്‍ ഉള്ളത്. ഇതുമൂലം പരിശോധനകളില്‍ പിടികൂടുന്ന ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ജില്ലയില്‍ ഫുഡ്‌സേഫ്റ്റി ഓഫിസര്‍മാരും ആവശ്യത്തിനില്ല. ഓഫിസുകള്‍ ഉള്ളതാവട്ടെ മലപ്പുറം, മഞ്ചേരി തിരൂര്‍, പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ്. കോട്ടക്കല്‍, തവനൂര്‍, വള്ളിക്കുന്ന്, പെന്തല്‍മണ്ണ തുടങ്ങി പലപ്രധാന കേന്ദ്രങ്ങളിലും കൃത്യമായി ഓഫിസുകള്‍ പോലുമില്ല. ഫുഡ്‌സേഫ്റ്റി വകുപ്പിനു ഫീല്‍ഡില്‍ ഇറങ്ങി ഭക്ഷ്യവസ്തുക്കള്‍ പരിശോധന നടത്താന്‍ പലപ്പോഴും വാഹനങ്ങള്‍ വാടകക്കെടുക്കേണ്ട സ്ഥിതിയാണുള്ളത്. മഞ്ചേരി ഉള്‍പെടെയുള്ള നഗരങ്ങളില്‍ വാടക കെട്ടിടത്തിലാണ് ഫുഡ്‌സേഫ്റ്റി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഫുഡ്‌സേഫ്റ്റി ഓഫിസര്‍മാര്‍ കുറവാണെന്നതിനു പുറമെ ജില്ലയില്‍ മുഴുവന്‍ പരിശോധനക്ക് ലഭിക്കുന്നത് കുറഞ്ഞ സമയവുമാണ്.
കടകള്‍ക്കുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ എന്നിവ ചെയ്തുതീര്‍ക്കേണ്ടതും ഇവര്‍തന്നെ. നേരത്തെ പഞ്ചായത്തുകള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. ജില്ലയില്‍ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍പനക്കെത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ക്രിസ്തുമസ് വിപണി സജീവമായതോടെ വിവിധയിനം കേക്കുകളാണ് വില്‍പനെക്കെത്തുന്നത്. ഇവകളില്‍ വിവിധ തരം രുചിക്കൂട്ടുകള്‍ കലര്‍ത്തുന്നത് പലപ്പോഴും ഉപഭോക്താക്കള്‍ അറിയാതെ പോവുകയും ചെയ്യുന്നു. പായ്ക്ക് ചെയ്തുവരുന്ന ഇത്തരം പലഹാരങ്ങളില്‍ പലതിലും കൃത്യമായി തിയതികള്‍ സൂചിപ്പിക്കാറില്ല. അഞ്ചുവര്‍ഷം വരെയാണ് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷയെങ്കിലും ഇതിനെയൊന്നും വിലകല്‍പിക്കാതെയാണ് രുചി വര്‍ധകവസ്തുക്കളുടെ ഉപയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."