നോട്ട് നിരോധനം ദേശീയ ദുരന്തം: ആന്റണി
ന്യൂഡല്‍ഹി: നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ദേശീയദുരന്തമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി..
നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങളോട് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് മോദി ചെയ്തത്. ഇതുപോലൊരു പ്രതിസന്ധി രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് നോട്ട് നിരോധിച്ചതെങ്കിലും അതിനെയൊന്നും നോട്ട് നിരോധനത്തിനു തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്. ഓരോദിവസവും സ്ഥിതി കൂടുതല്‍ വഷളാവുന്നു. ആസൂത്രണമില്ലാതെയും ആരോടും ചര്‍ച്ചചെയ്യാതെയുമാണ് മോദി തീരുമാനമെടുത്തത്. ഇതു സാമ്പത്തിക, കാര്‍ഷിക, നിര്‍മാണ മേഖലകളെയും വളര്‍ച്ചയെയും ബാധിച്ചു. എല്ലാം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. തെറ്റുതിരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുക, റേഷന്‍ സമ്പ്രദായം പുനസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി യു.ഡി.എഫ് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് കേരളത്തിലെ ജനങ്ങളെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോട്ട് നിരോധനം ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലയ്ക്കാന്‍ കാരണമായി. സഹകരണമേഖലയെയും തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതില്‍ നിക്ഷേപിച്ച പതിനായിരക്കണക്കിനു സാധാരണക്കാരുടെ പണം പിന്‍വലിക്കാനാവുന്നില്ല. സഹകരണമേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ഗൂഢാലോചന നടത്തുകയാണെന്നും മോദി നോട്ട് ഇല്ലാതാക്കിയപ്പോള്‍ പിണറായി അരിയില്ലാതാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
ഒരുദിവസം രാവിലെ തോന്നിയ ഒരു തുഗ്ലക് തീരുമാനം വൈകീട്ടോടെ നടപ്പാക്കുകയാണ് മോദിചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്‍വലിച്ച നോട്ടിനെക്കാളും കൂടുതല്‍ ബാങ്കില്‍ തിരിച്ചെത്തിയാലും അല്‍ഭുതമില്ല. പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലായി. അവരുടെ ഏക ബാങ്കായ സഹകരണമേഖലയെയും തകര്‍ക്കുകയാണ്. തീരുമാനം തെെറ്റന്നു തെളിഞ്ഞതിനാല്‍ അതു പിന്‍വലിക്കുക മാത്രമാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപതിയായാണ് നരേന്ദ്രമോദി നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബി.ജെ.പിയുടെ കീഴിലുള്ള കള്ളപ്പണമെല്ലാം ഒളിപ്പിക്കുകയും വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തശേഷമാണ് കഴിഞ്ഞമാസം എട്ടിന് മോദി നോട്ട് നിരോധിച്ചത്. എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്ന് നൂറിലധികം പേര്‍ മരിച്ചതിന് ഉത്തരവാദിയാരാണെന്നും പാര്‍ലമെന്റില്‍ മറുപടി പറയാന്‍പോലും സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും എതിരെയാണ് ഇപ്പോള്‍ ജന്തര്‍മന്ദറില്‍ ഒരുമിച്ചുകൂടിയതെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കെ.പി.സി.സി വൈസ്പ്രസിഡന്റ് എം.എം ഹസന്‍, എന്‍.കെ.പ്രമേചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി.സതീശന്‍, കെ.സി.ജോസഫ്, ഷാഫി പറമ്പില്‍, ജെ.ഡി.യു നേതാവ് വര്‍ഗീസ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഡി. ദേവരാജന്‍, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
10 മണിക്ക് കേരളാഹൗസില്‍ നിന്നു പ്രകടനമായി എത്തി ജന്തര്‍മന്ദറില്‍ മൂന്നുമണിക്കൂറോളം ഇരുന്ന ധര്‍ണയില്‍ യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."