വേനല്‍മഴക്ക് പിറകെ ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു
കൊച്ചി: കഴിഞ്ഞ ദിവസങ്ങളായി പെയ്ത കനത്ത മഴക്കു പിന്നാലെ ജില്ലയില്‍ ഡെങ്കിപ്പനിയുല്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ജില്ലയുടെ മലയോരമേഖലകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുമാണു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലകളായ കവലങ്ങാട്, നേര്യമംഗലം, കടവൂര്‍, ഇഞ്ചത്തൊട്ടി എന്നീ പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ എത്തിയതോടെ മലയോര മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ് ഇത് കൊതുകിന്റെ പ്രജനനത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍മഴ ശക്തമായതും രോഗം പടരുന്നത് രൂക്ഷമാക്കി. രോഗം പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് കോതമംഗലത്ത് അടിയന്തിര യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചെങ്കിലും പനി നിയന്ത്രണവിധേയമായിട്ടില്ല.
കൊച്ചി മട്ടാഞ്ചേരി മേഖലയില്‍ അഞ്ച് പേര്‍ക്കാണു ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആരോഗ്യ വിഭാഗം ഈ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നഗരസഭ പരിധിയിലുള്ള രണ്ടു മുതല്‍ അഞ്ച് വരെയുള്ള ഡിവിഷനുകളിലാണു ഡങ്കിപ്പനി ഭീഷണി നില നില്‍ക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളില്‍ ജില്ലാ വെക്ടറല്‍ കണ്‍ട്രോല്‍ യൂനിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.വീടുകളില്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലും മറ്റും കെട്ടി കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് ഡങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുന്നത്. ഇത് തടയുന്നതിനുള്ള ബോധവല്‍ക്കരണമാണ് ഇപ്പോള്‍ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമായും വഴിയരികില്‍ കൂട്ടിയിട്ട ആക്രി സാധനങ്ങളാണ് മട്ടാഞ്ചേരി മേഖലയില്‍ ഇത്തരത്തില്‍ കൊതുകുകള്‍ പെരുകുന്നതിന് കാരണമെന്നാണ് വെക്ടറല്‍ കണ്‍ട്രോല്‍ യൂനിറ്റ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ വഴിയരികില്‍ സൂക്ഷിച്ചിരിക്കുന്ന ആക്രി സാധനങ്ങള്‍ മാറ്റണമെന്ന് ബന്ധപ്പെട്ടവരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നും അധികൃതര്‍ പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ ഇത് കണ്ടില്ലന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയിലകളിലും രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയ പാത്രങ്ങളിലും ഡ്രമ്മുകളിലും കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നുണ്ട്. രോഗവാഹകരായ 'ഈഡിസ് കൊതുകു'കള്‍ ഈ വെള്ളത്തില്‍ മുട്ടയിട്ടു വളരുന്നതായി വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. പകല്‍ സമയത്ത് മാത്രം കടിക്കുന്ന ഈ കൊതുകുകളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി.
കൊതുകുകളെ തുരത്തുന്നതിന് മേഖലയില്‍ ഫോഗിങ് തുടങ്ങിയതായി വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം ജീവനക്കാര്‍ പറഞ്ഞു. വീടുകള്‍ക്കകത്ത് കൊതുക് ശല്യം ഒഴിവാക്കുന്നതിന് പ്രത്യേക മരുന്ന് സ്‌പ്രേ ചെയ്യുന്നുണ്ട്. പല പ്രദേശത്തും കുടിവെള്ളം ലഭിക്കാത്തതിനാല്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുകയാണ്. ഇതു ശേഖരിച്ചു വയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ചിരട്ട, പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കുന്നതിന് ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."