മണ്ണറ മണിയറയാക്കാം
ആ നാട്ടിലെ നടപ്പുരീതി അങ്ങനെയാണ്. ഒരു വര്‍ഷം മാത്രമെ ഒരാള്‍ക്കവിടെ ഭരിക്കാനാകൂ. ഭരണകാലം കഴിഞ്ഞാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ നടുക്കടലില്‍ കിടക്കുന്ന ഒരു ദ്വീപിലേക്കു നാടുകടത്തും. പിന്നീട് ശിഷ്ടകാലം അവിടെയാണു കഴിച്ചുകൂട്ടേണ്ടത്. കഴിക്കാന്‍ അന്നമോ കുടിക്കാന്‍ പാനീയമോ കിടക്കാന്‍ കിടപ്പാടമോ കൂട്ടിന് കൂട്ടുകുടുംബങ്ങളോ അവിടെയുണ്ടാകില്ല. ഒറ്റയ്ക്കും ഒറ്റപ്പെട്ടും ജീവിക്കേണ്ടി വരും. ഇതുവരെയായി നൂറുകണക്കിനു രാജാക്കന്മാരാണ് ഏകാന്തമായ ആ ദ്വീപിലേക്കു നാടുകടത്തപ്പെട്ടത്. അവരിലാരും തന്നെ ജീവനോടെ മൂന്നുദിവസംപോലും പിന്നിട്ടിട്ടില്ല എന്നാണു കേള്‍വി.
പതിവുപോലെ അക്കൊല്ലം നാടുഭരിച്ച നാടുവാഴിയുടെ കാലാവധിയും തീര്‍ന്നു. നടപ്പനുസരിച്ച് നാട്ടുകാര്‍ അദ്ദേഹത്തെ മേത്തരം വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആനപ്പുറത്തേറ്റി. ഉറ്റവരോടും ഉടയവരോടും യാത്ര ചോദിക്കാന്‍ അതിന്മേല്‍ നാടു മുഴുവന്‍ ചുറ്റിച്ചു. ഏറ്റവും വികാരനിര്‍ഭരമായ രംഗം. കണ്ണീര്‍വാര്‍ത്ത് രാജാവ് എല്ലാവരോടും യാത്ര ചോദിച്ചു.
ദ്വീപിലേക്കു നീങ്ങാനുള്ള കപ്പല്‍ എപ്പോഴോ തയാറാണ്. തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചില മന്ത്രിമാരുടെ അകമ്പടിയോടെ രാജാവ് അതില്‍ കയറി. ഇനി നേരെ ദ്വീപിലേക്ക്.
ദ്വീപിലെത്തി രാജാവിനെ അവിടെ തനിച്ചാക്കി അവര്‍ തിരിച്ചുപോന്നു. പോരുന്ന വഴിക്ക് അവര്‍ക്കൊരു കാഴ്ച കാണാനായി. ഭയങ്കരമായ ഒരു കാഴ്ച. ബോട്ടപകടത്തില്‍പെട്ട ഒരു യുവാവ് എങ്ങനെയോ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. സമയത്തുതന്നെ അവര്‍ അവിടെയെത്തിയത് യുവാവിന്റെ ഭാഗ്യം. അദ്ദേഹത്തെ പിടിച്ചുവലിച്ച് അവര്‍ കപ്പലില്‍ കയറ്റി തങ്ങളുടെ നാട്ടിലേക്കു കൊണ്ടുപോയി.
ഇനി നാടുഭരിക്കാന്‍ ആരു തയാറാകുമെന്ന ചര്‍ച്ചകളാണ്. അവര്‍ക്കു കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. കടലില്‍വച്ച് കിട്ടിയ യുവാവിനെ അതിനേല്‍പ്പിക്കാമെന്ന തീരുമാനത്തില്‍ ഏകകണ്ഠമായി അവരെത്തിച്ചേര്‍ന്നു. ഭീകരമായ അവിടത്തെ നടപ്പുരീതികളെ കുറിച്ച് ശരിക്കുമറിയാമായിരുന്നതിനാല്‍ യുവാവ് ആദ്യമാദ്യം അതു നിരസിച്ചെങ്കിലും ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി അതേറ്റെടുക്കേണ്ടി വന്നു.
അങ്ങനെ അധികാരമേറ്റെടുത്തതിന്റെ മൂന്നാം ദിവസം. യുവാവ് തന്റെ മന്ത്രിമാരെയെല്ലാം വിളിച്ചുവരുത്തി. രാജാക്കന്മാരെ നാടുകടത്താറുള്ള ആ ദ്വീപ് തനിക്കു കാണിച്ചുതരാന്‍ അവരോടാവശ്യപ്പെട്ടു. രാജകല്‍പ്പനയ്ക്കു വഴങ്ങണമല്ലോ. മന്ത്രിമാര്‍ അദ്ദേഹത്തെയും കൂട്ടി ദ്വീപിലേക്കു വിട്ടു. ഭീകരതയും ഭയാനകതയും കളിയാടുന്ന ദ്വീപായിരുന്നു അത്. ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്ന വൃക്ഷലതാദികള്‍... യഥേഷ്ടം സൈ്വരവിഹാരം നടത്തുന്ന വന്യമൃഗങ്ങള്‍.. മാരകവിഷങ്ങളുള്ള ഇഴജന്തുക്കള്‍... ഭീകരശബ്ദങ്ങള്‍ മുഴക്കി വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍... അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറേ അസ്ഥികൂടങ്ങള്‍.. എല്ലാം ശ്വാസമടക്കിപ്പിടിച്ച് അദ്ദേഹം നോക്കിക്കണ്ടു. പിന്നെ കൂടുതല്‍ അവിടെ നിന്നില്ല. മന്ത്രിമാരോട് കപ്പല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.
തന്റെ അധികാര മണ്ഡലത്തിലെത്തിയ ശേഷം അദ്ദേഹം കരുത്തരും ശക്തരുമായ നൂറു യുവാക്കളെ വിളിച്ചുവരുത്തി. ഭരണമേറ്റെടുത്തതു മുതലുള്ള ആദ്യ പരിപാടി നടപ്പാക്കാന്‍ പോവുകയാണ്. അവരോടു പറഞ്ഞു: 'രാജാക്കന്മാരെ നാടുകടത്തുന്ന ആ ദ്വീപ് നിങ്ങള്‍ പോയി വൃത്തിയാക്കണം. ഒരു മരം പോലും അവിടെ കാണാന്‍ പാടില്ല. വന്യജീവികളെല്ലാം അവിടെ നിന്നു സ്ഥലം വിടട്ടെ...'
യുവാക്കള്‍ കല്‍പ്പന അക്ഷരംപ്രതി നടപ്പാക്കി. ഒരു മാസംകൊണ്ട് ദ്വീപിന്റെ മുഖമാകെ മാറി. ഒരു പുല്‍ക്കൊടി പോലുമില്ലാത്തവിധം എല്ലാം അവര്‍ വെട്ടിനിരപ്പാക്കിക്കഴിഞ്ഞു. മൃഗങ്ങളെല്ലാം എവിടേക്കാണു പോയതെന്നറിയില്ല. അധികം വൈകാതെ രാജാവിന്റെ കല്‍പ്പന വീണ്ടും വന്നു. ഇനിയവിടെ മനോഹരമായ കൊട്ടാരം പണികഴിപ്പിക്കണം. അതിനുചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പൂവാടികള്‍ വേണം. ഫലവൃക്ഷങ്ങള്‍ക്കും ഔഷധച്ചെടികള്‍ക്കുമായി പ്രത്യേകം ഏരിയ തന്നെ നിര്‍ബന്ധം. കപ്പലുകള്‍ വന്നിറങ്ങാന്‍ പര്യാപ്തമായ തുറമുഖവും കാണണം.. സായംവേളകളില്‍ കിന്നരിച്ചിരിക്കാന്‍ സുന്ദരികളായ തരുണീമണികളെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാമെന്നാണു തീരുമാനിച്ചത്. മാസം പത്തു പിന്നിട്ടപ്പോഴേക്കും എല്ലാം റെഡി.. ഇപ്പോള്‍ ദ്വീപ് പഴയ ദ്വീപല്ല, ഒന്നാന്തരം സുഖവാസ കേന്ദ്രമാണ്.
ഇനി കാലാവധി തീരാന്‍ രണ്ടുമാസം കൂടിയുണ്ട്. രാജാവിന് പക്ഷേ, അതൊരു നീണ്ട കാലമായിരുന്നു. ഇപ്പോള്‍ തന്നെ അവിടെയെത്തണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, നാട്ടുകാരാരും അതിനനുവദിച്ചില്ല. സമയമാകും മുന്‍പ് അധികാരക്കസേര വിടാനും പാടില്ല, സമയമായാല്‍ ഒരുനിമിഷം അതിലിരിക്കാനും പാടില്ല എന്നതാണ് നിയമം. ഏതായാലും രണ്ടു മാസം കൂടി തള്ളി നീക്കി. അങ്ങനെ ആ ദിവസം വന്നെത്തി.
പതിവുപോലെ നാട്ടുകാര്‍ ആഢംബര വസ്ത്രങ്ങളണിയിച്ച് അദ്ദേഹത്തെ ആനപ്പുറത്തേറ്റി. നാടും നഗരവും അവസാനമായി ഒന്നു ചുറ്റി. മുന്‍ രാജാക്കന്മാരില്‍ നിന്നു വ്യത്യസ്തമായി അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.. നിറഞ്ഞ പുഞ്ചിരി. നാട്ടുകാര്‍ക്ക് വല്ലാത്ത അത്ഭുതവും. അവര്‍ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ജ്ഞാനികള്‍ പറയാറുണ്ട്, കരഞ്ഞുകൊണ്ടാണ് ഏതൊരാളും ഈ ലോകത്തേക്കു കടന്നുവരാറുള്ളത്. ആ കരച്ചില്‍ കണ്ട് ചുറ്റിലുമുള്ളവര്‍ ചിരിക്കുകയാണു ചെയ്യുക. ഇനി ഈ ലോകത്തുനിന്നു വിടചൊല്ലുമ്പോള്‍ ചുറ്റിലുമുള്ളവര്‍ കണ്ണീര്‍ പൊഴിക്കും. നീയപ്പോള്‍ ചിരിച്ചുകൊണ്ട് കടന്നുപോകണം..' ഈ വാക്ക് അന്വര്‍ഥമാക്കുകയാണു ഞാന്‍ ചെയ്തിട്ടുള്ളത്.. എന്റെ ഭരണകാലം ഇവിടത്തെ സുഖത്തിനല്ല, അകലെ കിടക്കുന്ന ദ്വീപിലെ സുഖത്തിനാണു ഞാന്‍ ചെലവാക്കിയിട്ടുള്ളത്. അതുകൊണ്ട് എനിക്ക് ഇവിടം വിടുന്നതില്‍ സങ്കടമില്ല. മുന്‍ രാജാക്കന്മാര്‍ ഇവിടം സുഖപ്രദമാക്കി. വരാനിരിക്കുന്ന ദ്വീപ്ജീവിതം മറക്കുകയും ചെയ്തു. അതുകൊണ്ടാണ് കരച്ചിലടക്കാനാവാതെ അവര്‍ക്ക് ഇവിടം വിടേണ്ടി വന്നത്..'
ഭരണകാലം ഇഹലോക ജീവിതമാണ്. ദ്വീപ്, മരിച്ചാല്‍ ചെന്നുചേരേണ്ട മണ്ണറ. അവധിയെത്തിയാല്‍ നാട്ടുകാര്‍ നമ്മെ തോളിലേറ്റി മണ്ണറയിലേക്കു കൊണ്ടുപോകാതിരിക്കില്ല. നശ്വരവും നൈമിഷികവുമായ ഇഹലോക ജീവിതം പരലോക ജീവിതത്തിനുവേണ്ടി വിനിയോഗിക്കുന്നവര്‍ ചിരിച്ചുകൊണ്ട് വിടചൊല്ലും. പരലോക ജീവിതം മറന്ന് ഇഹലോക ജീവിതം അടിച്ചുപൊളിക്കുന്നവര്‍ വെപ്രാളപ്പെട്ട് വിടപറയും. കഥയിലെ ദ്വീപിനേക്കാള്‍ ഭീകരമാണ് മണ്ണറ. ഒരാളെ മാത്രം കൊള്ളുന്ന ലോകം. കട്ടപിടിച്ച ഇരുട്ട്. ദോഷിയാണെങ്കില്‍ ദംശിക്കാനായി അനേകം ഭീകരജീവികള്‍.. ബുദ്ധിയുള്ളവര്‍ തങ്ങള്‍ക്കു കിട്ടിയ ഭരണകാലം ഈ മണ്ണറ മണിയറയാക്കാന്‍ ശ്രമിക്കും. അവരാണു മരണത്തെ പ്രണയിക്കുന്നവര്‍... പുഞ്ചിരിച്ചു മരിക്കുന്നവര്‍. ഇഖ്ബാലിന്റെ അവസാന കവിത ഇതായിരുന്നു:
നിശാനെ മര്‍ദെ മുഅ്മിന്‍ ബാതു ഗോയം
ചൂം മര്‍ഗ് ആയദ് തബസ്സും ബര്‍ ലബെ ഊസ്ത്
(മുഅ്മിനായ ഒരു മനുഷ്യന്റെ ലക്ഷണം ഞാന്‍ നിനക്കു പറഞ്ഞുതരാം. മരണം ആഗതമായാല്‍ അവന്റെ ചുണ്ടില്‍ പുഞ്ചിരിയുണ്ടായിരിക്കും).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."