വിളപ്പില്‍ ശാലയില്‍ വരുന്നു അഞ്ചുകോടിയുടെ ഔഷധ ക്യഷി പദ്ധതി; സംശയം തീരാതെ നിവാസികള്‍
മലയിന്‍കീഴ്: നഗരമാലിന്യ നിക്ഷേപത്തിനെതിരെ മോഡല്‍ സമരം നടത്തി കേരളത്തിന് മാത്യകയായി മാറിയ വിളപ്പില്‍ ശാലയില്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തങ്ങളുടെ തന്നെ സ്ഥലമായ ഇവിടെ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമാകുന്ന ഔഷധ തോട്ടം നിര്‍മിക്കാനാണ് പദ്ധതി. 48 ഏക്കര്‍ സ്ഥലത്ത് അഞ്ചുകോടി രൂപ ചിലവിട്ടാണ് പദ്ധതി. ആയുര്‍വേദ മെഡിക്കല്‍ കോളജുള്‍പ്പെടെ സര്‍ക്കാരിനും നഗരസഭയ്ക്കും കീഴിലുള്ള ആയുര്‍വേദ ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകള്‍ ഉത്പാദിപ്പിക്കുകയാണ് ഉദ്ദേശ്യം . പദ്ധതി വിജയിച്ചാല്‍ ആയുര്‍വേദ ചികിത്സ തേടുന്ന രോഗികള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ പച്ചില മരുന്നുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കുറുന്തോട്ടി, തൊട്ടാവാടി, അത്തി, അമുക്കുരം, ചിറ്റമൃത്, തഴുതാമ, കച്ചോലം, കസ്തൂരി തുടങ്ങി നൂറുകണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടുവളര്‍ത്താനാണ് ആലോചിക്കുന്നത്. സോമലത, നീലയമരി, വെള്ളക്കുന്നി, ബ്രഹ്മി, ദര്‍ഭ, കാട്ടു തുളസി തുടങ്ങി അത്യപൂര്‍വമായ ഔഷധ സസ്യങ്ങളും ഉണ്ടാകും. ആഗസ്റ്റില്‍ വികസന സെമിനാറിനു ശേഷം ഇത് സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തും. കൃഷി ഓഫീസര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതിരേഖ തയാറാക്കി ആസൂത്രണ വിഭാഗത്തിന്റെ അനുമതിയോടെ പദ്ധതി നടപ്പാക്കും. മുന്‍പ് ഔഷധത്തോട്ടത്തിനും പൂകൃഷിക്കും ഉദ്യാനത്തിനും വേണ്ടി എന്നു പറഞ്ഞാണ് തലസ്ഥാനത്തുനിന്നും 23 കിലോ മീറ്റര്‍ അകലെയുള്ള പച്ചപ്പായ വിളപ്പില്‍ശാലയക്ക് സമീപത്തെ കണികാണാകുന്ന്, നഗരത്തിലെ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി ഉല്ലസിക്കാന്‍ പറ്റിയ ഇടമെന്ന് പറഞ്ഞ് തറവിലക്ക് നഗരസഭ 1990കളുടെ മധ്യത്തില്‍ അന്നത്തെ മേയര്‍ ശിവന്‍കുട്ടി നേതൃത്വം നല്‍കുന്ന ഭരണസമിതി 12 ഏക്കര്‍ വാങ്ങുന്നത്. അത് പിന്നെ നഗരമാലിന്യങ്ങള്‍ കൊണ്ട്‌നിക്ഷേപിക്കുന്ന ഇടമായി മാറി. ജനജീവിതം നരകതുല്യമായി മാറാന്‍ അധികം നാളെടുത്തില്ല.
മാലിന്യം നിക്ഷേപിക്കാന്‍ വീണ്ടും 100 ഏക്കറും തുടര്‍ന്ന് 400 ഏക്കറും വാങ്ങാന്‍ നീക്കം തുടങ്ങിയപ്പോഴാണ് നിവൃത്തിയില്ലാതെ ഇവിടെ ജനകീയ സമിതി വരുന്നത്. 2011 ജനുവരിയില്‍ എല്ലാ കക്ഷികളുടേയും നേതൃത്വത്തില്‍ സമിതി വന്നു. 2012 ജനുവരി 9ന് സമിതിയുടെ ഒന്നാം വാര്‍ഷികത്തിന് 20,000 ആളുകള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു. എന്നാല്‍ വീണ്ടും മാലിന്യങ്ങള്‍ ഇവിടേക്ക് ഒഴുകി. ഹൈക്കാടതിയെ സമീപിച്ച് നഗരസഭ തങ്ങള്‍ക്ക് അനുകൂലമായ വിധി വാങ്ങുന്നത് ജനുവരി 23നാണ്. വിളപ്പില്‍ശാല സമിതിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ജനുവരി 30ന് വിളപ്പില്‍ശാല ഗ്രാമം ഒന്നടങ്കം സെക്രട്ടറിയേറ്റ് വളഞ്ഞു. എന്നാല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങിനെയാണ് ഫെബ്രുവരി 13ന് വന്‍ പൊലിസ് സംഘം വിളപ്പില്‍ ഗ്രാമം വളയുന്നത്. മാലിന്യവുമായി വന്ന വാഹനങ്ങളെ തടയാന്‍ കുഞ്ഞുങ്ങളും പ്രായാധിക്യമുള്ളവരും എത്തിയതോടെ മാലിന്യ വണ്ടി തിരിച്ചുപോവുകയായിരുന്നു.
പുതിയ നീക്കത്തെയും സംശയദൃഷ്ടിയിലാണ് നാട്ടുകാര്‍ കാണുന്നത്. ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവനുസരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്റ് അടച്ചുപൂട്ടിയതായി സര്‍ക്കാര്‍ ഉത്തരവിറക്കാതെ ഒരു കൃഷിയും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പ്ലാന്റ് പൂട്ടിയ ശേഷം വിളപ്പില്‍ ശാലയില്‍ ജൈവ പച്ചക്കറി കൃഷി നടത്താന്‍ നഗരസഭ നടത്തിയ നീക്കവും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചു പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ഇതോടനുബന്ധിച്ച് കോടതിനല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഫാക്ടറി പരിസരത്തു കുഴിച്ചുമൂടിയതും അവശേഷിക്കുന്നതുമായ മാലിന്യങ്ങള്‍ മൂന്നു മാസത്തിനകം നീക്കം ചെയ്യണമെന്നും യന്ത്രങ്ങള്‍ ആറു മാസത്തിനകം മാറ്റണമെന്നുമാണ് നഗരസഭയ്ക്കു ട്രൈബ്യൂണല്‍ നല്‍കിയ നിര്‍ദേശം. ഇതിന്റെ കാലാവധി കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായില്ല. നഗരസഭാ പരിധിയില്‍ തന്നെ മാലിന്യം സംസ്‌കരിക്കാനാ യി ഫാക്ടറി മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദേശവും അവഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."