ഫൈസല്‍ വധം; കൃത്യം നടത്താനുപയോഗിച്ച വാഹനം കണ്ടെടുത്തു
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ചകേസില്‍ കൃത്യം നടത്താനുപയോഗിച്ച സ്‌കൂട്ടര്‍ പൊലിസ് കണ്ടെടുത്തു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ് പരിസരത്തുള്ള സര്‍വകലാശാലയിലെ ബി.ജെ.പി അനുകൂല ജീവനക്കാരുടെ ഓഫിസ് വളപ്പില്‍ നിന്നുമാണ് മുഖ്യപ്രതി വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു ഉപയോഗിച്ച സ്‌കൂട്ടര്‍ ഇന്നലെ അന്വേഷണ സംഘം കണ്ടെടുത്തത്. കേസില്‍ ഇതിനുപുറമെ മറ്റു രണ്ടു ബൈക്കുകള്‍കൂടി കണ്ടെത്താനുള്ളതായി അന്വേഷണ സംഘം പറഞ്ഞു.
അതേസമയം ഇന്നലെ തിരൂര്‍ കാരാട്ടുകടവ്, തിരുനാവായ എന്നിവിടങ്ങളില്‍ നടത്താനിരുന്ന തിരച്ചില്‍ ഇന്നേക്ക് മാറ്റിവെച്ചു. നേവിയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടക്കാതെ പോയത്. ഫൈസലിനെ വധിക്കാനുപയോഗിച്ച വാളും, ചുരികയും ഇവിടെ പുഴയില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിരുന്നു. ഈആയുധങ്ങള്‍ പുഴയില്‍ നിന്നും കണ്ടെടുക്കുന്നതിനു വേണ്ടിയാണ് പൊലിസ് നേവിയുടെ സഹായം തേടിയത്.
തിങ്കളാഴ്ച പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ ശ്രീകേഷ് എന്ന അപ്പു(26)വിനു പുറമെ തിരൂര്‍ മംഗലം പുല്ലൂണി സ്വദേശി കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (32), തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (26) എന്നിവരെ കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടി , തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഫൈസലിനെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വധിച്ചശേഷം തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് സംഘ മന്ദിരത്തിലെത്തി വസ്ത്രങ്ങള്‍ കഴുകിയശേഷം തീയിട്ട് നശിപ്പിച്ചകാര്യങ്ങള്‍ വരെ പ്രതികള്‍ തിങ്കളാഴ്ച പൊലിസിന് വിശദീകരിക്കുകയും, കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. നാല് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ള പ്രതികളെ മൂന്നുപേരെയും നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."