ജലക്ഷാമത്തിന് മുന്നൊരുക്കവുമായി വഴിക്കടവ് പഞ്ചായത്ത്
വഴിക്കടവ്: രൂക്ഷമായ കുടിവെള്ളക്ഷാമം മുന്നില്‍കണ്ടു ജലസംഭരണത്തിനു വേണ്ടി കാരക്കോടന്‍ പുഴയില്‍നിന്നു മാലിന്യവും മണ്ണും നീക്കംചെയ്ത് പുഴയുടെ ആഴം കൂട്ടുന്നു. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന്റ ഭാഗമായി പഞ്ചായത്ത് ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെട്ടുങ്ങല്‍ വി.സി.ബി കം ബ്രിഡ്ജിനും കാരക്കോടന്‍ പാലത്തിനും ഇടയിലുള്ള ഭാഗത്താണ് പുഴയ്ക്ക് ആഴം കൂട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വഴിക്കടവ് പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെട്ടത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചാണ് ക്ഷാമം തരണം ചെയ്തത്. ഇത്തവണ വേനല്‍ വരച്ച ബാധിക്കുന്നതിനു മുന്‍പുതന്നെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുകയാണ് പഞ്ചായത്ത്. തടയണകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കാരക്കോടന്‍ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ വന്നടിഞ്ഞ മണ്ണും മാലിന്യങ്ങളുമാണ് യന്ത്രം ഉപയോഗിച്ച് നീക്കംചെയ്യുന്നത്. ജനകീയ കമ്മിറ്റിയുടെ കീഴിലാണ് പ്രവൃത്തി നടക്കുന്നത്. ഇവിടെനിന്ന് എടുക്കുന്ന മണ്ണ് പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."