അനധികൃത ക്വാറികളും, ചൂളകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിവരാവകാശരേഖ
പാലക്കാട്: നെമ്മാറ വല്ലങ്ങി വില്ലേജ് പരിധിയില്‍ ക്വാറികളും,ചൂളകളും ഇല്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ വിവരാവകാശം നല്‍കുമ്പോഴും ക്വാറികളും, ചൂളകളും മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു വരുന്നതായി നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നെന്‍മാറ വില്ലേജിലെ പോത്തുണ്ടി ചാട്ടിയോടില്‍ നിന്നും ചെങ്കല്‍ ചൂളകള്‍ക്കായി നിര്‍മ്മിച്ച് വരുന്ന പച്ചക്കല്ലുകള്‍ ചിറ്റൂര്‍ തഹസില്‍ദാരും സംഘവുമാണ് ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പിടിച്ചെടുത്തത്. ഇവ കടത്തികൊണ്ടുപോവാന്‍ നിര്‍ത്തിയിട്ട ഒരു ടിപ്പര്‍ലോറിയും പിടികൂടിയിരുന്നു.
പോത്തുണ്ടി ഡാമിന് താഴെ ഇപ്പോഴും അനധികൃത ചെങ്കല്ല് ചൂളകള്‍ പ്രവര്‍ത്തിച്ചു് വരുന്നുണ്ട്. നാട്ടുകാര്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചാട്ടിയോടിലെ ചൂള നിര്‍മിക്കാന്‍ തയാറാക്കിയ രണ്ടു ലക്ഷത്തോളം വരുന്ന കല്ലുകള്‍ കണ്ടെടുത്തത്. ഇവിടെ നെല്‍പാടങ്ങളില്‍ നിന്നും മണ്ണെടുത്താണ് ചെങ്കല്ല് ചൂളകള്‍ നിര്‍മിക്കുന്നത്. ചൂളകള്‍ നിര്‍മിച്ച സ്ഥലത്ത് വീണ്ടും നെല്‍ക്കൃഷിയിറക്കാന്‍ പറ്റില്ല. മാത്രമല്ല താഴത്തുള്ള കൃഷിയിടങ്ങളിലേക്ക് വെള്ളം പോവാന്‍ പറ്റാത്തതിനാല്‍ അവിടെ കൃഷി ചെയ്യാനും കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
വല്ലങ്ങിയില്‍ ഇപ്പോഴും അഞ്ച് അനധികൃത ക്വാറികളൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സുപ്രീം കോടതി നിരോധനം ഉണ്ടെങ്കിലും ഇവിടെ അതൊന്നും പ്രശ്‌നമാവാറില്ല. ചില വില്ലേജ് ഓഫിസര്‍മാരുടെ ഒത്താശയോടെയാണ് അനധികൃത ക്വാറികളും, ചൂളകളും പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ എത്തിയ കൃഷി മന്ത്രി സുനില്‍കുമാര്‍ പാടം നികത്തി ഇഷ്ടിക ചൂളകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ചില വില്ലേജ് ഓഫിസര്‍മാര്‍ ഇഷ്ടിക ലോബിയില്‍ നിന്നും മാമൂല്‍ വാങ്ങി നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവര്‍ക്ക് ഒത്താശ ചെയ്തു വരുന്നുമുണ്ട്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ചില നേതാക്കന്മാരും പ്രകൃതി വിഭവ കൊള്ള നടത്തുന്നവര്‍ക്ക് കൂട്ട് നില്‍ക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."