സലിംരാജിന്റെ ഫോണിലൂടെ സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഫോണില്‍നിന്ന് സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായരുമായി സംസാരിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുന്‍പാകെ മൊഴി നല്‍കി. ഇതുസംബന്ധിച്ച് സലിംരാജ് കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. സലിംരാജിന്റെ ഫോണിലേക്ക് 436 കോളുകളാണ് സോളാര്‍ വിവാദ കാലയളവില്‍ സരിതയുടെ ഫോണില്‍നിന്ന് വന്നിട്ടുള്ളത്. ഈ സമയത്ത് സലിം രാജ് ഡ്യൂട്ടിയിലാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
താന്‍ നടത്തിയ അന്വേഷണത്തില്‍ 55 കോളുകള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് വിളിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് താന്‍ നിയമസഭയിലും പൊതുപരിപാടികളിലുമൊക്കെയായിരുന്നെന്നും ഉമ്മന്‍ചാണ്ടി രേഖകള്‍ സമര്‍പ്പിച്ച് വ്യക്തമാക്കി. തനിക്ക് സലിംരാജിനെ കൂടാതെ മറ്റ് നാല് ഗണ്‍മാന്മാര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേരുടെ ഫോണിലേക്ക് വെറും എട്ട് തവണമാത്രമാണ് സരിത വിളിച്ചിരിക്കുന്നത്. ഒരാളുടെ ഫോണിലേക്ക് ഒരു കോള്‍ പോലും വന്നിട്ടില്ല. 900 സെക്കന്റും 700 സെക്കന്റുമൊക്കെ ദൈര്‍ഘ്യമുള്ളതായിരുന്നു സരിതയും സലിംരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ സരിതയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ഇവരുടെ ഫോണ്‍വിളി വിശദാംശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഫോണ്‍വിളിച്ചതുകൊണ്ട് ഒരാളെ പ്രതിപ്പട്ടികയില്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
ഇവര്‍ക്കെതിരേയുള്ള രേഖകള്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. തന്റെ മുന്‍പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ സരിതയുമായി 4000 തവണ ഫോണില്‍ സംസാരിച്ചതായുള്ള ഫോണ്‍വിളി വിശദാംശങ്ങളെപ്പറ്റി അറിയാമെന്നും ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെ മുന്‍മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."