കിളിമഞ്ചാരോയില്‍ ഖത്തര്‍ പതാക ഉയര്‍ത്തിയത് ഇന്ത്യക്കാരന്
ദോഹ: കര്‍മ ഭൂമിയോടുള്ള പ്രണയം ഖത്തറിലെ പ്രവാസി ഇന്ത്യക്കാരനായ രാജേഷ് മാന്ഡ്ഗെയെ എത്തിച്ചത് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായ കിളിമഞ്ചാരോയുടെ ഉച്ചിയില്‍. കിളിമഞ്ചാരോയുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഉഹ്റു പീക്കില്‍ ഖത്തറിന്റെ പതാക ഉയര്‍ത്തിയാണ് മാന്ഡ്ഗെ ഇക്കഴിഞ്ഞ ദേശീയ ദിനം ആഘോഷിച്ചത്. ലോകത്തില്‍ സ്വതന്ത്രമായി നില്ക്കുന്ന ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയാണ് കിളിമഞ്ചാരോ.
ഖത്തര്‍ ദേശീയ ദിനമാണ് ഇത്തരമൊരു ദൗത്യത്തിനു തനിക്കു പ്രചോദനമായതെന്ന് എട്ട് വര്‍ഷമായി ഖത്തര്‍ ഗ്യാസില്‍ ജോലി ചെയ്യുന്ന മാന്ഡ്ഗെ പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തില്‍ ജനിച്ച ഭൂമിയും, കര്‍മഭൂമിയും ഏറ്റവും പ്രധാനമാണ്. ഇത് രണ്ടിന്റെയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിനു നാം ഏത് അറ്റംവരെയും പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
താന്‍സാനിയയിലുള്ള കിളിമഞ്ചാരോയുടെ 19,341 അടി ഉയരത്തിലാണ് മഞ്ഞുമൂടിക്കിടക്കുന്ന ഉഹ്്റു പീക്ക്. സാഹസികരുടെ സ്വപ്ന ലക്ഷ്യമാണിത്. തനിക്ക് അന്നം തരുന്ന ഖത്തര്‍ മനോഹരമായ സ്ഥലമാണ്. ഇവിടത്തെ ജനത അങ്ങേയറ്റം സഹകരണ മനോഭാവമുള്ളവരാണ്. എവറസ്റ്റ് കീഴടക്കി അവിടെ ഖത്തറിന്റെയും ഇന്ത്യയുടെയും പതാക നാട്ടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും മാന്ഡ്ഗെ പറഞ്ഞു. ജനീവയില്‍ നടക്കുന്ന യൂറോപ്യന്‍ സൈക്ലിങ് മാരത്തണില്‍ തനിക്ക് ഇന്ത്യയെയും ഖത്തറിനെയും പ്രതിനിധീകരിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉഹ്റു പീക്കില്‍ ഇന്ത്യന്‍, ഖത്തര്‍ പതാകകള്‍ ഉയര്‍ത്തുന്ന ആദ്യത്തെയാള്‍ താനാണെന്നും മാന്ഡ്ഗെ അവകാശപ്പെട്ടു.
ഉറക്കമില്ലാത്ത, വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു തന്റെ പര്‍വതാരോഹണമെന്ന് മാന്ഡ്ഗെ പറഞ്ഞു. ഭക്ഷണമോ, വെള്ളമോ തങ്ങാന്‍ ഒരു താവളമോ ഉണ്ടാവില്ല. പലപ്പോഴും കുറ്റിച്ചെടികളുടെ വേര് തിന്നാണ് മുന്നോട്ടു നീങ്ങിയത്. തെളിഞ്ഞ ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളുമാണ് ഇത്തരം സാഹചര്യങ്ങളില്‍ തനിക്കു പ്രചോദനമായത്. കുന്നുകളും താഴ്വാരങ്ങളും ഹിമപാതങ്ങളുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."