കളമൊഴിയുന്നു, കളിമണ്‍പാത്ര നിര്‍മാണവും
പാലക്കാട്:ഒരു പരമ്പരാഗതവ്യവസായം കൂടി മണ്‍മറയുന്നു. കേരളത്തിലെ കുംഭാര കുടുംബങ്ങളാണ് പാരമ്പര്യതൊഴില്‍ തുടരാനാവാതെ ബുദ്ധിമുട്ടുന്നത്. കളിമണ്ണിനെ മാത്രം ആശ്രയിച്ചാണ് ഇവരുടെ തൊഴില്‍ മുന്നോട്ടു പോയിരുന്നത്. ഇപ്പോള്‍ കളിമണ്ണ് കിട്ടാനും പ്രയാസം. മുന്‍പ് വിലകൊടുക്കാതെ ലഭിച്ചിരുന്നു.
പട്ടഞ്ചേരിയിലെ ഷണ്മുഖന്‍ എന്ന 73 കാരന് പറയാനുള്ളത് ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍. പന്ത്രണ്ട് വയസില്‍ പിതാവിനോടൊപ്പം കളിമണ്ണില്‍ ജീവിതം തുടങ്ങിയതാണ്. മണ്ണിന്റെ ഗുണവും കൈ വിരലുകളുടെ ചലനവും കൃത്യതയിലെത്തിയാല്‍ അന്നത്തിനുള്ള വഴി തുറക്കും.
പശിമയുള്ള കളിമണ്ണ് കണ്ടെത്തുകയാണ് ആദ്യ ജോലി. മണല്‍ കലരാത്ത കളിമണ്ണുവേണം ചോര്‍ച്ചയില്ലാത്ത ചട്ടികള്‍ ഉണ്ടാക്കാന്‍. പാരമ്പര്യത്തില്‍ നിന്നും പകര്‍ന്നെടുത്ത ചെറുനുറുങ്ങു പ്രയോഗങ്ങളും മണ്ണൊരുക്കുന്നതിലുണ്ട്.
ഇപ്പോള്‍ മണ്ണിന് ഇടനിലക്കാര്‍ക്ക് ഒരു ലോഡിന് 500 മുതല്‍ 1000രൂപ വരെ നല്‍കണം. കയറ്റികൊണ്ടുവരാനുള്ള വാഹനക്കൂലി വേറെയും. സാധനത്തിന് പറയുന്ന വിലകിട്ടില്ല. തലചുമടായി കൊണ്ടുപോയി വിറ്റിരുന്ന കാലത്തേക്കാള്‍ കഷ്ടമാണ് വില്‍പ്പന. പുതിയ തലമുറക്ക് ഈ തൊഴിലിനോട് താല്‍പര്യവുമില്ല. രണ്ടുപേര്‍ ഒരു ദിവസം അധ്വാനിച്ചാല്‍ കിട്ടുന്നതു 100 രൂപയാണ്. തൊഴിലുറപ്പു പണിക്കോ, മറ്റോ പോയാലും 250 മുതല്‍ മുകളിലേക്ക് കൂലി കിട്ടും. പുതിയ കുട്ടികള്‍ മറ്റു ജോലികള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.
മുപ്പത് വര്‍ഷം മുന്‍പുവരെ കറി ചട്ടിമുതല്‍ കലവറ വരെ മണ്ണില്‍ ഉണ്ടാക്കി വിറ്റിരുന്നു. ഇന്ന് ചെറിയ പാത്രങ്ങളും, അമ്പലത്തിലേക്കുള്ള കലശകലങ്ങളുമാണ് കൂടുതല്‍ ഉണ്ടാക്കുന്നത്. തലയില്‍ മണ്‍പാത്രങ്ങള്‍ നിറച്ച കുട്ടയുമായി ഗ്രാമങ്ങള്‍തോറും കറങ്ങി, തമിഴ്‌നാട്ടിലെ പൊള്ളാച്ചി മുതല്‍ നെഗമം വരെയുള്ള പൊങ്കല്‍ വിപണി ലക്ഷ്യമാക്കി കാളവണ്ടിയില്‍ യാത്രചെയ്തു. ഇന്ന് വിപണി വീട്ടുമുറ്റം മാത്രം. വിഷുവും ഓണവും ദീപാവലിയും സുവര്‍ണകാലം. അപ്പോള്‍ മാത്രം കറികള്‍ കൂട്ടി ഭക്ഷണം കഴിക്കും.
61 കൊല്ലമായി ഈ തൊഴില്‍ ചെയ്ത് ജീവിച്ച ഷണ്മുഖന്റെ കാലത്തോടെ തൊഴില്‍ അവസാനിക്കും. മൂത്തമകന്‍ കിടപ്പിലായി.
ഇളയമകന്‍ കമ്പനിയില്‍ തൊഴിലാളിയും. കേരളീയര്‍ ജൈവരീതിയിലേക്ക് തിരിച്ചുപോകുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ ആനുകൂല്യം വേണ്ടത്ര കിട്ടാറില്ലെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."