നഷ്ടം; പൊയ്യ ഫിഷ് ഫാം അനാസ്ഥയുടെ കുടക്കീഴില്‍
മാള: അനാസ്ഥയുടെ കുടക്കീഴിലായ അഡാക്കിന്റെ പൊയ്യ ഫിഷ് ഫാം വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും കൂട്ടിക്കിഴിക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്കു പറയുന്നു. ഫാമിന്റെ ശേഷി പൂര്‍ണമായി ഉപയോഗിക്കാത്തതിനാലാണ് നഷ്ടത്തില്‍ തുടരാന്‍ ഇടയാക്കിയിരിക്കുന്നത്. 145 ഹെക്റ്റര്‍ സ്ഥലമുള്ള പൊയ്യ ഫിഷ് ഫാമിലെ 39 ദശാംശം 15 ഹെക്റ്റര്‍ ഭാഗമാണ് മത്സ്യം വളര്‍ത്താനുള്ള കുളങ്ങള്‍ ഉള്ളത്. കുളങ്ങളും ബണ്ടുകളും നവീകരിച്ചെങ്കിലും മത്സ്യം വളര്‍ത്തല്‍ പൂര്‍ണതോതില്‍ ഇനിയും ആയിട്ടില്ല.
ഫാമിലെ ആകെയുള്ള 30 തൊഴിലാളികളില്‍ 26 പേരാണ് ഇപ്പോള്‍ പൊയ്യയില്‍ ജോലി ചെയ്യുന്നത്. നാല് പേരെ മറ്റു ഫാമുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഓഫിസ് ജീവനക്കാരായി ഒന്‍പത് പേരും ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഉല്‍പാദനത്തിലും വരുമാനത്തിലും വലിയ വര്‍ധനവ് ഫാമില്‍ ഉണ്ടായിട്ടുണ്ട്. ഉല്‍പാദനവും വരുമാനവും തമ്മില്‍ വിലയിരുത്തുമ്പോള്‍ ലാഭകരമാണെങ്കിലും ജീവനക്കാരുടെ വേതനം കൂടി ചെലവിലേക്ക് കണക്കാക്കുമ്പോഴാണ് നഷ്ടം ഉണ്ടാകുന്നത്. 2010ല്‍ പത്ത് ലക്ഷം രൂപ മാത്രമാണ് വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്നത്. എന്നാല്‍ 2015 2016 വര്‍ഷത്തില്‍ 60 ലക്ഷം രൂപയാണ് വരുമാനം നേടിയത്. ഈ വര്‍ഷം ഇപ്പോള്‍ തന്നെ 52 ലക്ഷം രൂപ നേടാന്‍ കഴിഞ്ഞു. ഫാമിന്റെ ശേഷിക്കനുസരിച്ച് കൃഷിയിറക്കി വിളവെടുക്കാന്‍ കഴിഞ്ഞാല്‍ പ്രതിമാസം ശരാശരി പത്ത് ലക്ഷം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വില്‍ക്കാന്‍ മത്സ്യം ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഫാമിന്റെ വികസന പ്രവര്‍ത്തനത്തിനും കൃഷിയിറക്കാനും വേണ്ടി കോടികളുടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചതായി കണക്കുകളില്‍ കാണാം. ബണ്ടുകള്‍ ബലപ്പെടുത്തുന്നതിനും സ്ലൂയിസ് വാല്‍വുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും വേണ്ടി 80 ലക്ഷം രൂപ ആര്‍.കെ.വി.വൈ പദ്ധതിയില്‍ നിന്ന് ചെലവഴിച്ചു. നെയ്തല്‍ പദ്ധതിയില്‍ ഫാം പരിസരം മുനമ്പം മാതൃകയില്‍ നികത്തി മോടി പിടിപ്പിക്കാന്‍ 40 ലക്ഷം രൂപയും ഫാം പ്രവര്‍ത്തിക്കുന്ന ഭാഗത്ത് നടപ്പാത നിര്‍മ്മിക്കാന്‍ 59.9 ലക്ഷം രൂപയും മത്സ്യഗ്രാമം പദ്ധതിയില്‍ ഭക്ഷണശാല നിര്‍മിക്കാന്‍ 75 ലക്ഷവും വില്‍പന കേന്ദ്രത്തിന് 12 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.
പ്രവേശന കവാടവും മതിലും നിര്‍മ്മിക്കാന്‍ 17 ലക്ഷം, മ്യൂസിയം കെട്ടിടത്തിന് 75 ലക്ഷം, ഫാമിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കൃഷിയ്ക്ക് 56 ദശാംശം 5 ലക്ഷം, ഓരുജല സമ്മിശ്ര മത്സ്യ കൃഷി ചെയ്യാന്‍ 15 ലക്ഷം, വനാമി ചെമ്മീന്‍ കൃഷിയടക്കമുള്ളവയ്ക്കായി 115 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.
ഫാം പരിസരം നെയ്തല്‍ പദ്ധതിയില്‍ ടൈല്‍ വിരിക്കാന്‍ 40 ലക്ഷവും, ഓഫിസ് നവീകരണത്തിനായി അഡാക്കിന്റെ ഫണ്ടും സര്‍ക്കാര്‍ പ്രാദേശിക വികസന ഫണ്ടുമായി 17 ദശാശം 6 ലക്ഷവും ചെലഴിച്ചു. കോടികള്‍ ചെലഴിച്ചിട്ടും ഫാമില്‍ മത്സ്യ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കാത്തത് ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."