ഒന്നാം സ്ഥാനം നേടിയ നാടകം തയാറാക്കിയത് നാല് ദിവസം കൊണ്ട്
തൊടുപുഴ: നാല് ദിവസം കൊണ്ട് രചനയും സംവിധാനവും നിര്‍വഹിച്ച് ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ യു.പി തലത്തില്‍ തന്റെ നാടകത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നാടക കളരിയാശാന്‍ ജി. കെ പന്നാകുഴി.
29 വര്‍ഷമായി നാടകത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജി.കെ എഴുതി സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് സംസ്ഥാന തലത്തിലും സ്‌കൂള്‍ കോളജ് യുവജനോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കുറി യു.പി തലത്തില്‍ തന്റെ നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ഇദ്ദേഹം.
അതിന് പ്രത്യേക കാരണവും ഉണ്ട്. കുളം കുട്ടികളോട് പറഞ്ഞ കഥ എന്ന നാടകം നാല് ദിവസം കൊണ്ടാണ് എഴുതി സംവിധാനം ചെയ്ത് കുട്ടികളെ പഠിപ്പിച്ചത്. പോത്തിന്‍കണ്ടം എസ്.എന്‍.
യു.പി സ്‌കൂളിലെ അധ്യാപകര്‍ സബ്ജില്ലാ തലത്തില്‍ കുട്ടികള്‍ക്ക് യുവജനോത്സവത്തില്‍ മത്സരിക്കാന്‍ നാടകം വേണമെന്ന് ആവശ്യപ്പെട്ട് വന്നത് കലോത്സവത്തിന് നാല് ദിവസം മുമ്പാണ്.
പരിസ്ഥിതി ചൂഷണം മൂലം ജല ദൗര്‍ലഭ്യം ഏറെ അനുഭവിക്കുന്ന കാലഘട്ടത്തില്‍ വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം നാടകത്തിന് ഇതിവൃത്തമായി തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ അഭിനയ പാടവം പ്രകടിപ്പിക്കേണ്ട കഥാപാത്രങ്ങളാണ് നാടകത്തിലുണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ കുട്ടികള്‍ മികച്ച രീതിയില്‍ നാടകത്തെ ഉള്‍കൊണ്ടുവെന്നും ജി.കെ പറയുന്നു. കുളം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ഷ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും ഗുരു സാക്ഷ്യപ്പെടുത്തുന്നു.
നാടകം തപസ്യയാക്കിയ ജി.കെ, ഇതിനകം 60 നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കോളജ് യുവജനോത്സവങ്ങളില്‍ നാടകം, ഏകാകഭിനയം എന്നീ ഇനങ്ങളില്‍ ജി.കെയുടെ ശിഷ്യര്‍ നിരവധി സമ്മാനങ്ങളാണ് വാരികൂട്ടിയിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തുമായി നാടക കളരികള്‍ സംഘടിപ്പിച്ച് അന്യം നിന്നു പോകുന്ന നാടകത്തിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമവും നടത്തി വരുന്നു. ജി.കെയുടെ പ്രശസ്തി കടല്‍ കടന്ന് അമേരിക്കയില്‍ എത്തിയിട്ടും വര്‍ഷങ്ങളായി. അമേരിക്കന്‍ മലയാളികള്‍ക്കായി ജി.സി.കെ.എ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നാടക കളരി വര്‍ഷങ്ങളായി ജി. കെ നടത്തിവരുന്നു. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും സന്ദര്‍ശനം നടത്തിയും നാടക കളരികള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."