സമ്പൂര്‍ണ സൗരോര്‍ജ്ജ ബോട്ട് 'ആദിത്യ' തവണക്കടവ്-വൈക്കം ഫെറിയില്‍ സര്‍വ്വീസിനൊരുങ്ങുന്നു
പൂച്ചാക്കല്‍:രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ ബോട്ട'് 'ആദിത്യ' തവണക്കടവ്-വൈക്കം ഫെറിയില്‍ സര്‍വ്വീസിനൊരുങ്ങുന്നു. ഉദ്ഘാടനം 12-ന് വൈക്കത്ത് നടക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ഇതിനുമുന്നോടിയായി വ്യാഴാഴ്ച മുതല്‍ ബോട്ട് ഫെറിയില്‍ പരീക്ഷണ ഓട്ടം തുടങ്ങും. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് അനുമതിയോടെയാകും ഫെറിയിലെ സര്‍വ്വീസ്.ജര്‍മ്മന്‍ സാങ്കേതികവിദ്യയാണ് ബോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ലിഥിയം ബാറ്ററികളിലാണ് ബോട്ടിന്റെ പ്രവര്‍ത്തനം. രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളും ഉണ്ട്. സോളാര്‍ പാനലുകള്‍ ബോട്ടിന്റെ മുകളിലാണ് നിരത്തിയിട്ടുള്ളത്.കുസാറ്റിലെ ഷിപ്പ് ടെക്‌നോളജി വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ ബോട്ട് നിര്‍മ്മിച്ചത്. ഒന്നരക്കോടിരൂപയാണ് നിര്‍മ്മാണചെലവ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സബ്‌സിഡിയും ലഭിച്ചിട്ടുണ്ട്. എഴുപത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നബോട്ടിന് ഇരുപത് മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയും ഉണ്ട്.മണിക്കൂറില്‍ 14 കിലോമീറ്ററാണ് വേഗത.7.5 നോട്ടിക്കല്‍ മൈല്‍ വേഗതയാണിത്.
മലിനീകരണം ഒട്ടുമില്ലാത്ത ബോട്ട് പ്രവര്‍ത്തന ചെലവിലും കാര്യമായ കുറവുണ്ടാക്കും.
സാധാരണ വെയിലുള്ള ദിവസങ്ങളില്‍ ആറരമണിക്കൂര്‍ തുടര്‍ച്ചയായി ബോട്ട് ഓടിക്കാനാകും.ഫ്‌ളോട്ടിംഗ് ജെട്ടികളിലാകും സോളാര്‍ ബോട്ട് അടുപ്പിക്കുക. രണ്ട് ജെട്ടികളിലേക്കുമുള്ള ഫ്‌ളോട്ടിംഗ് ജെട്ടികളും എത്തിച്ചുകഴിഞ്ഞു.
ജലഗതാഗതവകുപ്പിന്റെ അരൂരിലെ യാഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോട്ട് ബുധനാഴ്ച വൈകിട്ടോടെയാണ് വൈക്കത്തെ പഴയജെട്ടിയലെത്തിച്ചു.
സൗരോര്‍ജ്ജ ബോട്ടെത്തിയ വിവരമറിഞ്ഞ് നിരവധിയാളുകളാണ് ഇത് കാണുവാനെത്തിയത്. വൈക്കം ബോട്ട് സ്‌റ്റേഷന്‍ മാസ്റ്റര്‍ എം.ടി.ബാബുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് ബോട്ടിന്‌സ്വീകരണവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."