കുമാരന്റെ കൊലപാതകം: സഹോദരങ്ങളെ റിമാന്‍ഡ് ചെയ്തു
കാഞ്ഞങ്ങാട്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനായ കുമാരന് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ചാലിങ്കാല്‍ രാവണേശ്വരം പഠിക്കാനത്തെ കുമാരന് (50) ആണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുമാരന്റെ സഹോദരങ്ങളായ നാരായണന്, ശ്രീധരന് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.
കുമാരന്റെ പറമ്പില്‍ ബോര്‍വെല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ടു ഇയാളുടെ സഹോദരന്മാരായ പത്മനാഭന്, രാഘവന്, നാരായണന്, ശ്രീധരന് എന്നിവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 31 ന് രാത്രി 11 ഓടെ ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ കുമാരനും, ഭാര്യ വത്സലക്കും, മകനും കുത്തേല്‍ക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ കുമാരനെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുമാരന് മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കുമാരന്റെ സഹോദരങ്ങളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുമാരന്റെ ഭാര്യ വത്സലയില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് നാരായണനെയും ശ്രീധരനെയും പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."