മൈസുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
ബെംഗളൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിലാണ് തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി. മൈസൂരു ജയലക്ഷ്മിപുരം ജെസി റോഡില്‍വച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്്കൂട്ടറുള്‍പ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു.
അതിലൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരന്‍. അപകടത്തില്‍ വിവി പുരം ട്രാഫിക് പൊലിസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. അശ്വതിയും അര്‍ജുനും സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."