മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒയെ നാട്ടുകാര്‍ തിരിച്ചയച്ചു
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എ.ഇ.ഒയെ സ്‌കൂള്‍ സംരക്ഷണസമിതിയും നാട്ടുകാരും ചേര്‍ന്ന് തിരിച്ചയച്ചു.
ഇന്നലെ രാവിലെ 10.30 ഓടെയാണ് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായി എ. ഇ. ഒ കെ. എസ് കുസുമം സ്‌കൂളിലെത്തിയത്.
എന്നാല്‍ പത്ത് മണിക്കുതന്നെ സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകരും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളിലേക്ക് പ്രവേശിക്കുന്ന രണ്ട് കവാടങ്ങളും സമരസമിതി വളഞ്ഞിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിട്ടും എ. ഇ. ഒയ്ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സമരക്കാര്‍ എ. ഇ. ഒക്കെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം മുഴക്കി. കോടതി ഉത്തരവുണ്ടെങ്കിലും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതി പറയുന്നത്.
പൊലീസ് സുഖമമായ വഴി ഒരുക്കിയാല്‍ സ്‌കൂള്‍ ഇപ്പോള്‍ തന്നെ അടച്ചുപൂട്ടുമെന്ന് എ.ഇ.ഒ ആദ്യം പറഞ്ഞിരുന്നെങ്കിലും സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് അരമണിക്കൂറോളം സ്‌കൂളിനു സമീപംനിന്ന എ.ഇ.ഒ മടങ്ങുകയായിരുന്നു. ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചതിനുശേഷം ആവശ്യ നടപടികള്‍ കൈകൊള്ളുമെന്നും സ്‌കൂള്‍ പൂട്ടാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും കെ. എസ് കുസുമം അറിയിച്ചു. ചേവായൂര്‍ എസ്. ഐ. യു. കെ ഷാജഹാന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് സംഘമാണ് സമരസമിതിയെ പ്രതിരോധിക്കാന്‍ സ്ഥലത്തെത്തിയത്.
70 പേര്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം.
കഴിഞ്ഞമാസം മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുവാനായി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സ്‌കൂള്‍ പൂട്ടാനായില്ല. അന്ന് സ്‌കൂളിന്റെ താക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
145 വര്‍ഷത്തെ പഴക്കമുള്ള സ്‌കൂള്‍ 2014 ഏപ്രില്‍ 10 ന് അര്‍ധരാത്രി മാനേജര്‍ പി.കെ. പത്മരാജും സഹോദരന്‍ പി.കെ. അജിത്തും ചേര്‍ന്ന് മണ്ണുമാന്തി ഉപയോഗിച്ച തകര്‍ത്തതോടെയാണ് വിഷയം പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്.
ശക്തമായ ബഹുജനരോഷത്തെത്തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 40 ദിവസത്തിനകം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മാണം നടത്തി സുഗമമായ അധ്യായനം നടത്തിവരുന്നതിനിടെയാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ പഴുതുപയോഗിച്ച് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനായി സ്‌കൂള്‍ മുന്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."